തൊടുപുഴ: യു.ഡി.എഫ് ധാരണ പ്രകാരം തൊടുപുഴ നഗരസഭാ വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ് രാജിവച്ചു. ധാരണയനുസരിച്ച് ഇനി കേരള കോൺഗ്രസിനാണ് പദവി ലഭിക്കേണ്ടത്. എന്നാൽ കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇനി തിരഞ്ഞെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയായാൽ തന്നെ നാലു മാസം മാത്രമേ കേരള കോൺഗ്രസിന് സ്ഥാനം ലഭിക്കൂ. ധാരണയനുസരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി ലൂസി ജോസഫിനാണ് സ്ഥാനം ലഭക്കേണ്ടത്. എന്നാൽ ഒക്ടോബേറിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ ഇനി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടുമൊരു തിരഞ്ഞെടുപ്പിനു സാദ്ധ്യതയില്ലെന്നാണ് സൂചന. മുസ്ളീംലീഗിലെ സി.കെ. ജാഫർ മുന്നണി ധാരണ പ്രകാരം രാജി വച്ചതിനെ തുടർന്നാണ് ഷാഹുൽഹമീദ് വൈസ് ചെയർമാനായത്. കോൺഗ്രസിലെ ടി.കെ. സുധാകരൻ നായരായിരുന്നു ആദ്യ രണ്ടു വർഷം വൈസ് ചെയർമാൻ. പിന്നീടാണ് സി.കെ. ജാഫർ സ്ഥാനത്തെത്തിയത്. തുടർന്ന് കോൺഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. ഷാഹുൽഹമീദിനെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. എന്നാൽ ധാരണ പ്രകാരം ഷാഹുൽഹമീദിന്റെ കാലാവധി കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചിരുന്നു. തുടർന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഷാഹുൽഹമീദിന്റെ രാജി ആവശ്യപ്പെട്ടത്. 35 അംഗ കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് കക്ഷി നില.