നെടുങ്കണ്ടം: നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മാനസിക വിഭ്രാന്തിയെത്തുടർന്ന് മാനസിക ശുശ്രൂഷാ കേന്ദ്രത്തിലേയ്ക്ക് മാറ്റി. നെടുങ്കണ്ടത്ത് ഒരു മാസത്തിലധികമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയായ സതീഷ് എന്ന യുവാവിനെയാണ് പടമുഖം സ്‌നേഹാശ്രമത്തിലേയ്ക്ക് മാറ്റിയത്. ലോക്ക്ഡൗൺ കാലത്ത് തേവാരംമെട്ടിലെ സമാന്തര പാത വഴിയാണ് കേരളത്തിലേയ്ക്ക് കടന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഇയാൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് സെന്ററിൽ നിന്ന് ചാടി പോയിരുന്നു. പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിൽ കല്ലാറിൽ നിന്ന് കണ്ടെത്തിയ സതീഷിനെ വീണ്ടും നിരീക്ഷണത്തിലാക്കുകയായിരുന്നു. സതീഷിന്റെ ശ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇയാളുടെ ബന്ധുക്കളെ പറ്റി യാതൊരു വിവരം ലഭ്യമായിട്ടില്ല. തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും നിയമതടസം കാരണം സാധിച്ചില്ല. തുടർന്ന് ജില്ലാ വെൽഫയർ ഓഫീസ് പടമുഖം സ്‌നേഹാശ്രമത്തിൽ ബന്ധപെടുകയും അവർ സതീഷിനെ ഏറ്റെടുക്കാൻ തയ്യാറാവുകയുമായിരുന്നു.