നെടുങ്കണ്ടം: ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ബ്ലോക്ക് നമ്പർ 25ൽ പി.എം. രാജനെയാണ് (പന്തളം രാജൻ- 64) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് വീടിനുള്ളിലെ സോഫയിൽ മൃതദേഹം കണ്ടത്. വീട്ടിൽ രാജൻ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ സുഭദ്ര പുറ്റടിയിലുള്ള മകന്റെ വീട്ടിൽ പോയിരുന്നു. തുടർച്ചയായി മക്കൾ ഫോൺ വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അയൽക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന പുറ്റടിയിലെ മകന്റെ
വീട്ടിൽ ഇയാൾ പോയിരുന്നതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാജന്റെ
സഹോദരൻ ചെന്നൈയിൽ നിന്ന് എത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് കൊവിഡ് ടെസ്റ്റ് നടത്താനും പോസ്റ്റുമോർട്ടം നടത്താനും തീരുമാനിച്ചത്. സംസ്‌കാരം പിന്നീട്. മക്കൾ: രതീഷ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: രമ്യ, ദീപ.