തൊടുപുഴ: കനത്ത മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ ഇന്ന് മുതൽ 31 വരെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെയുള്ള ശക്തമായ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവരും പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. ഇത്തരത്തിൽ അപകടം ശ്രദ്ധയിൽ പ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ വിവരം അറിയിക്കണം.

ശ്രദ്ധിക്കുക

1. കാറ്റും മഴയുമുള്ളപ്പോൾ ഹൈറേഞ്ചിലേക്കുള്ള യാത്ര ഒഴിവാക്കുക

2. മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ പാർക്ക് ചെയ്യരുത്

3. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുള്ള പ്രദേശങ്ങളിൽ പോകാതിരിക്കുക

4. മലവെള്ളപാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകാനിടയുള്ളതിനാൽ റോഡുകളുടെ കുറുകെയുള്ള ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്താതിരിക്കുക

5. പുഴയോരങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്നവർ മുൻകരുതലുകളെടുക്കുക

ഡാമിലെ ജലനിരപ്പിൽ മാറ്റമില്ല

ഇടുക്കി,​ മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പിൽ വലിയ മാറ്റമില്ല. ഇടുക്കി ഡാമിൽ 2341 അടിയാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 55 ശതമാനമാണിത്. കഴിഞ്ഞ വർഷമിത് 2318 അടിയായിരുന്നു. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ജലനിരപ്പ് 114 അടിയിൽ തുടരുകയാണ്. വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയില്ല. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് അനുവദനീയ സംഭരണശേഷി.