തൊടുപുഴ: വീടിനു സമീപം സാധാരണ പശുക്കുട്ടികൾ ഓടിക്കളിക്കാറുണ്ട്. എന്നാൽ കരിങ്കുന്നം പൂതക്കുഴിയിൽ സജിയുടെ വീടിനു സമീപം ഓടി നടക്കുന്നത് പശുക്കുട്ടികളല്ല മറിച്ച് പശുത്തൊഴുത്ത് തന്നെയാണ്. ആകെയുള്ള 13 സെന്റ് പുരയിടത്തിൽ വീടിനു പുറമെ സ്ഥിരമായി നില നിൽക്കുന്ന തൊഴുത്തു കൂടി നിർമിച്ചാലുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് എ.സി മെക്കാനിക്കും വെൽഡിംഗ് ജോലിക്കാരനുമായ സജി നൂതന സംരഭം ആവിഷ്‌കരിച്ചത്. സജിയുടെ വെച്ചൂർ പശു ഇപ്പോൾ തുള്ളിക്കളിക്കുന്നത് ഈ സഞ്ചരിക്കുന്ന തൊഴുത്തിലാണ്. ഗൾഫിൽ എ.സി മെക്കാനിക്കായിരുന്ന സജി ഒരു വർഷമായി നാട്ടിലെത്തിയിട്ട്. ഇവിടെ വെൽഡിംഗ് ജോലികളും മറ്റുമായി കഴിയുന്നതിനിടെയാണ് വീട്ടിലേക്കുള്ള പാൽ ആവശ്യത്തിനായി ഒരു പശുവിനെ വാങ്ങിയാലോയെന്ന ചിന്തയെത്തിയത്. സുഹൃത്തിൽ നിന്നും ഒരു വെച്ചൂർ പശുവിനെ വാങ്ങി. ആദ്യം പശുക്കിടാവിനെ പുരയിടത്തിൽ തന്നെയായിരുന്നു കെട്ടിയിരുന്നത്. പിന്നീടാണ് തൊഴുത്തു നിർമാണത്തെക്കുറിച്ച് ആലോചിച്ചത്. എന്നാൽ പിന്നെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിടാവുന്ന തൊഴുത്ത് നിർമിക്കാനായി തീരുമാനിച്ചു. വാഹനങ്ങളുടെ സെക്കൻഡ്ഹാൻഡ് സ്‌പെയർപാർട്‌സുകൾ ഉപയോഗിച്ചായിരുന്നു നിർമാണം. സ്വന്തമായി ഇരുമ്പിൽ നിർമിച്ച ചെയ്‌സിലും ആട്ടോറിക്ഷയുടെ ടയറുകളിലുമാണ് തൊഴുത്ത് നില നിൽക്കുന്നത്. പത്തടി നീളത്തിലും എട്ടടി വീതിയിലുമാണ് തൊഴുത്ത് നിർമാണം പൂർത്തിയാക്കിയത്. കൈകൊണ്ട് തിരിക്കാവുന്ന ലിവർ ഉപയോഗിച്ച് തൊഴുത്ത് എവിടേയ്ക്ക് വേണമെങ്കിലും മാറ്റിയിടാം. തൊഴുത്തിൽ നിന്ന് ചാണകവും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. സജിയുടെ സഞ്ചരിക്കുന്ന തൊഴുത്ത് കാണാൻ ഒട്ടേറെപ്പേർ ഇപ്പോൾ വീട്ടിലെത്തുന്നുണ്ട്. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നു മക്കളാണ് സജിയ്ക്കും ഭാര്യ ബീനയ്ക്കും. അജയ്, അക്ഷയ, അജ്ഞന. ഇത്തവണ ഒന്നിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന ഇവരും സജിയുടെ ഈ നൂതനസംരഭത്തിന്റെ നിർമാണത്തിൽ പങ്കാളികളായി.