ഇടുക്കി : സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ ജില്ലയിൽ ഘട്ടംഘട്ടമായി ഏഴുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന് കളമൊരുങ്ങുന്നു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തൈ വിതരണത്തിനു തുടക്കമിടാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഒരു പഞ്ചായത്തിൽ 10000 ഫലവൃക്ഷത്തൈകൾ എങ്കിലും വിതരണം ചെയ്യും. പ്രധാനമായും 21 ഇനം ഫലവൃക്ഷത്തൈകളാണ് വിതരണത്തിന് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിൽ 8610 തൈകളാണ് വിതരണത്തിന് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. തൈകൾ വനംവകുപ്പിന്റെ ഉൾപ്പെടെ വിവിധ നഴ്‌സറികളിൽ തയാറായി വരുന്നു.
യോഗത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബാബു ടി. ജോർജ്, വിഎഫ്പിസികെ ജില്ലാ ഓഫീസർ വി. ബിന്ദു, മറ്റ് വകുപ്പു പ്രതിനിധികളായ സാജു സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ, സാബി വർഗീസ്, അരുൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.
വിതരണം
വെജിറ്റബിൾ ആന്റ് ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിൽ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വനംവകുപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവയുടെ സഹകരണത്തോടെയാണ് ഫലവൃക്ഷത്തൈ വിതരണപദ്ധതി നടപ്പിലാക്കുന്നത്.