ഇടുക്കി : മഴക്കാലത്തിനു മുന്നോടിയായി ദുരന്തനിവാരണ കരുതൽ നടപടികൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ജില്ലയിലെ തഹസിൽദാർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തി. അണക്കെട്ടുകളിൽ കഴിഞ്ഞവർഷത്തേക്കാൾ പത്തുശതമാനം വെള്ളം കൂടുതലുണ്ട്. ഇടുക്കിയിൽ പ്രത്യേകിച്ചും. മുൻകരുതലെന്ന നിലയിൽ ഡാമുകൾ തുറന്നുവിടേണ്ടി വരുകയാണെങ്കിൽ ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കി വരുകയാണ്. പ്രശ്‌നബാധിത വില്ലേജുകളെ വേർതിരിച്ചുള്ള പട്ടികയാണ് തയാറാക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മാറ്റിപ്പാർപ്പിക്കുന്നവർക്കായി ക്യാമ്പുകൾ തുറക്കുന്നതിന് ഇടങ്ങളും കണ്ടെത്താൻ നടപടികൾ സ്വീകരിച്ചുവരുന്നു. പ്രായമായവർ, രോഗലക്ഷണങ്ങളുളളവർ, പൊതുവിഭാഗം, വീടു നഷ്ടപ്പെടുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെടുന്നവരെ താമസിപ്പിക്കേണ്ടിവരും. പഞ്ചായത്ത്തലത്തിൽ കൂടുതൽ താമസസൗകര്യങ്ങൾ ഇതിനായി വേണ്ടിവരും. ഇതു സംബന്ധിച്ചു ആലോചിക്കാൻ തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം അടുത്തദിവസം ചേരും.
പ്രളയം കൂടാതെ മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്നവർ, വലിയകല്ലുകളുടെ ഭീഷണി ഉള്ളവർ, വീടുകൾ നിർമാണം പൂർത്തിയാകാത്തവർ, ഭൗമശാസ്ത്ര വിഭാഗത്തിന്റെ പട്ടികയിലുള്ളവർ തുടങ്ങിയവരെയും മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ താലൂക്ക് ഏകോപന ചുമതല തഹസിൽദാർക്കാണ്. അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മഴക്കാലത്ത് തകർന്നുപോയ 2058 വീടുകളിൽ 1853 വീടുകളും പൂർത്തിയായിക്കഴിഞ്ഞു. സാങ്കേതികകാരണങ്ങളാലാണ് ബാക്കിയുള്ള വീടുകളുടെ നിർമാണം വൈകുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി രൂപം നൽകിയിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് അഗ്‌നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും പൊലീസിന്റെ സഹായത്തോടെ തയാറാക്കിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.