sheeba

കുമളി : ആയുർ സ്പർശം പരിപാടിയിലൂടെ കുമളി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും ഒരേ സമയം ആയുർവേദ മരുന്ന് ഉപയോഗിച്ച് അണുവിമുക്തമാക്കി. കുമളി ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് എഎംഎഐ സഹകരണത്തോടെയാണ് ആയുർ സ്പർശം പരിപാടി നടപ്പാക്കിയത്. ഔഷധക്കൂട്ടുകൾ പൊടിച്ച് തയ്യാറാക്കിയ അപരാജിത ധൂമചൂർണ്ണം ഉപയോഗിച്ച് എല്ലാ വീടുകളിലും വൈകിട്ട് ആറുമണിക്ക് ഒരേ സമയത്ത് പുകച്ചാണ് വീടും പരിസരവും ഒപ്പം അന്തരീക്ഷവും അണുവിമുക്തമാക്കിയത്. ഇതിനായി ധൂമചൂർണ്ണം എല്ലാ വീടുകളിലും വിതരണം ചെയ്തിരുന്നു. പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്നിർവ്വഹിച്ചു.. വാർഡ് മെമ്പർ ബിജു ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
എല്ലാ പഞ്ചായത്തംഗങ്ങളും അവരുടെ വാർഡുകളിൽ അപരാജിത ചൂർണം പുകയ്ക്കൽ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും എല്ലാ വീടുകളിലും അപരാജിത ധൂമ ചൂർണമോ ഔഷധ സസ്യങ്ങൾ ഉണക്കി തെളളി, കുന്തിരിക്കം എന്നിവ ചേർത്തോ പുകച്ച് രോഗ പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു.