ഇടുക്കി : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ദുരന്ത പ്രതികരണ സേനക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും രൂപീകരിച്ചിട്ടുള്ള ദുരന്ത പ്രതികരണ സേനക്കുള്ള പരിശീലന ഉദ്ഘാടനം കാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ടി അഗസ്റ്റിൻ നിർവ്വഹിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഹാരിസ്ഖാൻ എം സ്വാഗതം പറഞ്ഞു. ദുരന്തനിവാരണ പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി കുര്യാക്കോസും പരിശീല പരിപാടിയുടെ വിശദീകരണം ഫയർ ആന്റ് റെസ്‌ക്യൂ ജില്ലാ ഓഫീസർ റെജി വി കുര്യാക്കോസും നിർവ്വഹിച്ചു. ലീഡിംഗ് ഫയർമാൻ ബിജു പി ജേക്കബ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി ജോയി, ഫയർമാൻ വിനീഷ് റ്റി.റ്റി എന്നിവർ കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളിലെ 40 സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും ദുരന്തപ്രതികരണ സേനക്ക് രണ്ട് പഞ്ചായത്തുകളുടെ 40 അംഗങ്ങളുള്ള ഗ്രൂപ്പുകളാക്കി 27 പഞ്ചായത്തുകളിലായി 30 ജൂൺ 1, 3 തീയതികളിൽ പരിശീലന പരിപാടി തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.