നെടുങ്കണ്ടം : വണ്ടിപ്പെരിയാർ പൊലീസ് സ്‌റ്റേഷനിൽ കടന്ന് ചെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ കയറി കൈയ്യുംകാലും വെട്ടുമെന്ന് പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സി.പി.എം.നേതാക്കൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഡി. സി. സി പ്രസിഡന്റ് . ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. ചൊൽപ്പടിക്കു നിൽക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിരവധി പൊലീസ് സ്‌റ്റേഷനുകളിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നും, ഇതു സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തിയാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടർന്ന് വിശ്രമമില്ലാതെ പണിയെടുക്കുന്ന പൊലീസുകാരോടുള്ള അനാദരവാണിത്. ഇക്കാര്യത്തിൽ മന്ത്രി എം.എം. മണിയും ജില്ലാ നേതൃത്വവും അഭിപ്രായം പറയണം. ജില്ലയിലെ പ്രമുഖരായ സി.പി.എം. നേതാക്കൾക്കെതിരെ സമാനമായി ആരോപണം ഉണ്ടായപ്പോൾ കേസ്സെടുക്കാതെ സംരക്ഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഇതാവർത്തിക്കുന്നതിന്റെ ഉത്തരവാദികൾ. വണ്ടിപ്പെരിയാർ സംഭവത്തിൽ ജാമ്യമില്ലാത്ത വകുപ്പിൽ കേസ്സെടുത്തില്ലെങ്കിൽ ദൃശ്യങ്ങളുമായി ഡി.സി.സി. ഹൈക്കോടതിയെ സമീപിക്കുമെന്നും കല്ലാർ പറഞ്ഞു.