കട്ടപ്പന: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തിയ സ്‌പൈസസ് ബോർഡിന്റെ ഏലക്ക ഇ-ലേലം ഇന്നലെ മുതൽ പുറ്റടി സ്‌പൈസസ് പാർക്കിൽ പുനരാരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരുന്നു ലേലം. പൊലീസും ആരോഗ്യ വകുപ്പും സ്‌പൈസസ് പാർക്കിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ആദ്യദിനത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ വിട്ടുനിന്നെങ്കിലും തദ്ദേശീയരായ 32 പേർ ലേലത്തിൽ പങ്കെടുത്തു. എന്നാൽ ശരാശരി വില 1769.93 രൂപയിൽ ഒതുങ്ങി. 2410 രൂപയാണ് കൂടിയ വില. തേക്കടി കെ.സി.പി.എം.സിയുടെ ലേലത്തിൽ 83 ലോട്ടുകളിലായി പതിഞ്ഞ 16,219 കിലോഗ്രാം ഏലക്കായിൽ 16104 കിലോയും വിറ്റുപോയി. ഇന്നു ലേലം ഉണ്ടാകില്ല. നാളെ സ്‌പൈസസ് പാർക്കിൽ കാർഡമം ഗ്രേവേഴ്‌സ് ഫെഡറേഷന്റെ ലേലം നടക്കും. തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിൽ ലേലം പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജൂൺ 15 വരെ പുറ്റടി സ്‌പൈസസ് പാർക്കിൽ മാത്രമായി ലേലം തുടരും. കൊവിഡ് വ്യാപനത്തെത്തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർച്ച് 14 മുതൽ 17 വരെ ലേലം നിർത്തിയിരുന്നു. തുടർന്ന് സുരക്ഷ മുൻകരുതലുകളോടെ കലക്ടറുടെ നിർദേശപ്രകാരം മാർച്ച് 18 നും 19 നും ലേലം നടത്തി. തമിഴ്‌നാട്ടിലും രോഗവ്യാപനമുണ്ടായതോടെ 20 മുതൽ ലേലം താത്കാലികമായി നിർത്തുകയായിരുന്നു.
കർഷകരും ചെറുകിട വ്യാപാരികളും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ലേലം പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ട് വിവിധ ഏജൻസികളും സംഘടനകളും കളക്ടർക്കു പരാതി നൽകിയിരുന്നു. തുടർന്ന് മന്ത്രി എം.എം. മണിയുടെ ഇടപെടലിനെത്തുടർന്നാണ് ലേലം പുനരാരംഭിക്കാൻ സ്‌പൈസസ് ബോർഡ് അനുമതി നൽകിയത്.