കട്ടപ്പന: ബി.എസ്.എൻ.എൽ. ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ ഗോഡൗണിൽ നിന്നു പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് എക്‌സ്‌ചേഞ്ചിനുസമീപം കാടുകയറിയ സ്ഥലത്ത് ജീവനക്കാർ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ആളുകൾ എത്തിയതോടെ പാമ്പ് ഗോഡൗൺ കെട്ടിടത്തിലേക്കു കയറി. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ കട്ടപ്പന സ്വദേശി ഷുക്കൂർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. ഷൂക്കൂറിന്റെ കാലിൽ ചുറ്റിവരിഞ്ഞെങ്കിലും പുറത്തെത്തിച്ച് ചാക്കിലാക്കി വനപാലകർക്ക് കൈമാറി. 25 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിന് എട്ടുവയസ് പ്രായമുണ്ടെന്നു ഷുക്കൂർ പറഞ്ഞു. കട്ടപ്പന ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പരിസരം കാടുകയറിയതോടെ ഇവിടം ഇഴജന്തുക്കളുടെ താവളമാണ്.
കട്ടപ്പന ബി.എസ്.എൻ.എൽ. എക്‌സ്‌ചേഞ്ചിന്റെ ഗോഡൗണിൽ നിന്നു കട്ടപ്പന സ്വദേശി ഷുക്കൂർ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ.