kpn
മദ്യക്കുപ്പി ഉയർത്തി ആഹ്‌ളാദം പ്രകടിപ്പിക്കുന്നയാൾ. കട്ടപ്പന ഔട്ട്‌ലെറ്റിൽ നിന്നുള്ള ദൃശ്യം.

കട്ടപ്പന: നീണ്ട കാത്തിരിപ്പിനൊടുവിൽ ബിവറേജസ് മദ്യശാലകൾ തുറന്നപ്പോൾ സെർവർ തകരാർ മൂലം മദ്യവിതരണം ആരംഭിച്ചത് ഒരു മണിക്കൂർ വൈകി. ബുധനാഴ്ച രാത്രിയോടെ ബെവ്ക്യു ആപ് പ്ലേ സ്‌റ്റോറിൽ ലഭ്യമായിരുന്നു. എന്നാൽ ഒ.ടി.പി. ലഭിക്കാൻ വൈകിയത് 'ഗുണഭോക്താക്കളു'ടെ വ്യാപക പ്രതിഷേധത്തിനും ആപ് നിർമാതാക്കളുടെ ഫേസ്ബുക്ക് പേജിൽ 'പൊങ്കാല'യ്ക്കും വഴിതെളിച്ചിരുന്നു. ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ബുക്ക് ചെയ്തവർക്ക് രാവിലെ മുതൽ മദ്യം വിതരണം ചെയ്തു. മാസങ്ങൾക്കുശേഷം വിദേശമദ്യം ലഭിച്ചതിന്റെ സന്തോഷം ഗുണഭോക്താക്കളുടെ മുഖത്ത് പ്രതിഫലിച്ചു. വാങ്ങിയ മദ്യക്കുപ്പികൾ ഉയർത്തിക്കാട്ടി ആഹ്‌ളാദം പ്രകടിപ്പിച്ചതാണ് പലരും മടങ്ങിയത്. പല ഔട്ട്‌ലെറ്റുകളിലും ചിലയിടങ്ങളിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യാതെ മദ്യം നൽകി. മദ്യം ബുക്ക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് ജീവനക്കാരുടെ വാട്ട്‌സ്ആപ്പുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനിടെ ചിലർക്ക് അടുത്തുള്ള ഔട്ട്‌ലെറ്റിൽ കിട്ടാതെ, കിലോമീറ്ററുകൾ അകലെയുള്ള ഔട്ട്‌ലെറ്റിൽ ബുക്കിംഗ് ലഭിച്ചതായും ആക്ഷേപമുയർന്നു. പിൻകോഡ് ശരിയായി രേഖപ്പെടുത്തിയിട്ടും മറ്റു ഔട്ട്‌ലെറ്റുകളിലാണ് ബുക്കിംഗ് ലഭിച്ചത്.