ഇടിയോട്കൂടിയ കനത്ത മഴ ഇന്നലെ ഉച്ചകഴിഞ്ഞ് മുതൽ
തൊടുപുഴയിൽ വാഹന ഗതാഗതം തടസപ്പെട്ടു
വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
തൊടുപുഴ: ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയിൽ തൊടുപുഴ നഗരം വെള്ളത്തിൽ മുങ്ങി. ടൗണിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായതോടെ വാഹനഗതാഗതവും ദുഷ്‌ക്കരമായി. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കടകളിലുണ്ടായിരുന്ന സാധനങ്ങൾ നശിച്ചു. ശക്തമായ പേമാരിയാണ് ഇന്നലെ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും കോരിച്ചൊരിഞ്ഞ് പെയ്തത്. മഴയെതുടർന്ന് നഗരത്തിൽ ഏറെ നേരം വൈദ്യുതി മുടങ്ങി. പല ഭാഗത്തും കനത്ത കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണാണ് വൈദ്യുതി തടസമുണ്ടായത്. നഗരത്തിലെ പല ഭാഗത്തും വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാറ്റിൽ തകർന്നു. കനത്ത ഇടിയോടു കൂടിയാണ് ഉച്ച കഴിഞ്ഞ് മൂന്നോടെ മഴയാരംഭിച്ചത്. ശക്തമായ മഴ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. ഇതേ തുടർന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. തൊടുപുഴ-പാല റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡു മുതൽ മണക്കാട് ജംഗ്ഷൻ വരെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ബിഎസ്എൻഎൽ ജംഗ്ഷൻ മുതൽ മാർക്കറ്റ് റോഡിലും വെള്ളമുയർന്ന് വ്യാപാര സ്ഥാപനങ്ങളിലുള്ള സാധനങ്ങൾ നശിച്ചു. തൊടുപുഴ മൂവാറ്റുപുഴ റോഡിലും പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് മുതൽ റോഡിൽ വെള്ളമുയർന്നു. പട്ടയംകവല ഭാഗത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനരാരംഭിച്ചു. കാഞ്ഞിരമറ്റം റോഡിൽ തേക്കുമരം വൈദ്യുതി ലൈനിൽ ഒടിഞ്ഞു വീണു. കെ എസ് ഇ ബി ഉദ്യോഗസ്ഥർ എത്തി റോഡിൽ വീണ വൈദ്യുതി ലൈനുകൾ നീക്കി. കനത്ത മഴ സാദ്ധ്യത കണ.ക്കിലെടുത്ത് ഇന്നലെ മുതൽ 31വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.