തൊടുപുഴ: കാലവർഷത്തോടനുബന്ധിച്ച് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്ന് 'ഓറഞ്ച് ' അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴയോ (115 മി.മി) അതി ശക്തമായ മഴയോ (204.5 മിമി) പെയ്യാൻ സാദ്ധ്യതയുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയരാനും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കും സാധ്യതയുണ്ട്. 31, ജൂൺ 1, 2 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ ആവശ്യം വന്നാൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

മുൻകരുതലുകൾ

പ്രളയ സാദ്ധ്യയതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018, 2019 പ്രളയങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാദ്ധ്യയതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം. വേണ്ടിവന്നാൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണം.

പൊതു നിർദേശങ്ങൾ

 ഉരുൾപൊട്ടൽ സാദ്ധ്യയത ഉള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കുക

 റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതിനരികിൽ വാഹനങ്ങളൾ നിറുത്തരുത്

 മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
 നദിയിൽ കുളിക്കുന്നത് തുണി കഴുകുന്നതും ഒഴിവാക്കുക,​ ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

 പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കലും കാഴ്ച കാണലും ഒഴിവാക്കുക

 പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്.

 തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കിൽ മാറി താമസിക്കുക

 ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ വൈദ്യുത ആഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഒഫ് ആക്കുക

വിളിക്കുക
ജില്ലാ എമെർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്.റ്റി.ഡി കോഡ് ചേർക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക.