തൊടുപുഴ: കൃത്യവിലോപം കാണിച്ച പീരുമേട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സ്ഥലംമാറ്റിയതായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണ് നടപടി. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മുൻകൂട്ടി അറിയിച്ചിട്ടും ആരോപണ വിധേയനായ അസിസ്റ്റന്റ് സെക്രട്ടറി അന്വേഷണത്തിന് ഹാജരായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ അദ്ദേഹം നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതികളുടെ ഫയലുകളും രജിസ്റ്ററുകളും പരിശോധനയ്ക്ക് ലഭ്യമായിട്ടില്ല. രേഖകളുമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടും ഹാജരായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യസമയത്ത് ഓഫീസിലെത്താത്ത അസിസ്റ്റന്റ് സെക്രട്ടറി ഫണ്ടിൽ തിരിമറി കാണിച്ചതായി പീരുമേട് സ്വദേശി സെൽവരാജ് സമർപ്പിച്ച പരാതിയിൽ പയുന്നു. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നും അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സീനിയർ സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. ഈ സാഹചര്യത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി.