കട്ടപ്പന: ഇരട്ടയാർശാന്തിഗ്രാംപള്ളിക്കാനം റോഡിൽ തെന്നാലിസിറ്റിയിലെ വെള്ളക്കെട്ടിനു പരിഹാരമായി. വ്യക്തികൾ കെട്ടിയച്ച റോഡിന്റെ ഓടകൾ ഇരട്ടയാർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കി. ഓടകൾ അടച്ചതോടെ കഴിഞ്ഞദിവസങ്ങളിലെ വേനൽമഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് സമീപത്തെ കുടുംബങ്ങൾക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടായിരുന്നു. ചെളിവെള്ളം വീടുകളുടെ മുറ്റത്തേയ്ക്കും പശു തൊഴുത്തിലുമടക്കം ഒഴുകിയെത്തിയിരുന്നു. മഴക്കാലത്ത് അടയാളക്കല്ല് മലമുകളിൽ നിന്നു ശക്തമായ മലവെള്ളപ്പാച്ചിലാണ് ഇവിടേയ്ക്ക് ഉണ്ടാകുന്നത്. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓടകൾ തുറക്കുകയായിരുന്നു. കൂടാതെ സമീപത്ത് മഴക്കുഴിയും നിർമിച്ചുനൽകി. പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, പഞ്ചായത്ത് അംഗം മാത്യു തോമസ് എന്നിവരടക്കം സ്ഥലത്തെത്തി.