തൊടുപുഴ: ജില്ലയെ ആശങ്കയിലാഴ്ത്തി വിദേശത്ത് നിന്നെത്തിയ തൊടുപുഴ സ്വദേശിക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. അബുദാബിയിൽ ഹോട്ടൽ ജീവനക്കാരനായ 41 കാരനാണ് രോഗം ബാധിച്ചത്. ഇയാൾ 17നാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്നത്. അവിടെ നിന്ന് സർക്കാർ സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി. ബസിലാണ് തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തുന്നത്. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും 27ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇതോടെ രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇതുവരെ 29 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 25 പേരുടെ രോഗം ഭേദമായി.