തൊടുപുഴ: നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് സ്രവപരിശോധനയ്ക്ക് ശേഷം നേരെ പോയത് മദ്യം വാങ്ങാൻ ബാറിലെ ക്യൂവിൽ. സംഭവമറിഞ്ഞ പൊലീസ് വണ്ണപ്പുറം സ്വദേശിയായ യുവാവിനെ പിടികൂടി കേസെടുത്തു. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ള ഇയാൾ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സ്രവ പരിശോധനയ്ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയ ശേഷം ബാർ ഹോട്ടലിലെ ക്യൂവിൽ മദ്യം വാങ്ങാൻ വരി നിൽക്കുകയായിരുന്നു. എന്നാൽ തെർമൽ സ്‌കാനർ പരിശോധനയിൽ പനി കണ്ടതോടെ ഇയാളെ മാറ്റി നിറുത്തി. സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വീണ്ടും ഇയാളെ നിരീക്ഷണത്തിലാക്കി.