നെടുങ്കണ്ടം: മദ്യവിൽപ്പന പുനരാരംഭിച്ച് രണ്ട് ദിവസത്തിനിടെ തൂക്കുപാലം ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് ആകെ വാങ്ങാനെത്തിയത് മൂന്ന് പേർ. ഇന്നലെ ഒരാൾ പോലുമെത്തിയില്ല. ബെവ് ക്യൂ ആപ്പിൽ പിൻകോഡ് അടിച്ചുകൊടുക്കുമ്പോൾ ലഭിക്കുന്ന സ്ഥലത്ത് പോയി വേണം മദ്യം വാങ്ങാൻ. ഇത്തരത്തിൽ ബുക്ക് ചെയ്ത് ഒരാൾപോലും മദ്യം വാങ്ങുവാൻ തൂക്കുപാലത്തെ ഔട്ട്‌ലെറ്റിൽ എത്തിയില്ല. ആപ്പിൽ നെടുങ്കണ്ടം പിൻകോഡ് 685553 നൽകിയവർക്ക് രാജാക്കാടും, കല്ലാർ പിൻകോഡായ 685552 നൽകിയവർക്ക് നെടുങ്കണ്ടവും രാജാക്കാടുമാണ് ലഭിച്ചത്. ഇത്തരത്തിൽ മുപ്പതിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് ഇവിടത്തുകാർ പലരും മദ്യം വാങ്ങുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ബിവറേജസ് കോർപ്പറേഷന് റിപ്പോർട്ട് നൽകിയതായി തൂക്കുപാലം ബിവറേജ് കോർപ്പറേഷൻ ഔട്ട്‌ലെറ്റ് മാനേജർ പറഞ്ഞു.