തൊടുപുഴ: തൊടുപുഴ സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡിഎഫ് പാനലിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നിരിക്കെ വിജയിച്ചുവന്ന ഭരണസമിതി അംഗങ്ങളിൽ രണ്ടുപേരെ കുതിരകച്ചവടത്തിലൂടെ കൂറുമാറ്റി ഉണ്ടാക്കിയെടുത്ത വിജയം സി.പി.എമ്മിന്റെഅധികാരദാഹമാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ മുൻനിര നേതാക്കൾ ഇത്തരത്തിൽ കാലുമാറ്റം പ്രോത്സാഹിപ്പിക്കുന്നത് മൂല്യശോഷണമാണ്. ഭരണസ്വാധീനമുപയോഗിച്ച് യു.ഡി.എഫ് വോട്ടു വാങ്ങി വിജയിച്ച സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതിയംഗങ്ങളെ ചെയർമാൻ തിരഞ്ഞെടുപ്പിൽ കൂറുമാറ്റി വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചത് സഹകരണ മേഖലയ്ക്ക് തന്നെ നാണക്കേടാണ്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തവരെ യു.ഡി.എഫിലെ പാർട്ടികൾ നടപടിയെടുത്ത് പുറത്താക്കണമെന്നും അവർ പ്രതിനിധീകരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ അടുത്ത തവണ തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള കർശന നിലപാടെടുക്കണമെന്നും അവരുടെ നേതൃത്വത്തോട് ആവശ്യപ്പെടും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പൊതുധാരണയ്ക്ക് വിരുദ്ധമായി നിന്നവരെയും സർക്കിൾ സഹകരണ യൂണിയനിൽ സി.പി.എമ്മിന് കൂറുമാറി വോട്ടുചെയ്തവരെയും ഒരുവിധ കമ്മിറ്റികളിലും അംഗങ്ങളാക്കരുതെന്ന കോൺഗ്രസിന്റെ അഭിപ്രായം ഘടകകക്ഷി ജില്ലാ പ്രസിഡന്റുമാരെ അറിയിക്കുമെന്നും കല്ലാർ പറഞ്ഞു.