geethakumari
കെ.എൻ. ഗീതാകുമാരി

തൊടുപുഴ: നരേന്ദ്രമോദിയുടെ ലക്ഷ്യം രാജ്യ പുരോഗതിയും രാജ്യ രക്ഷയുമാണെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും തൊടുപുഴ താലൂക്ക് സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റുമായ കെ.എൻ. ഗീതാകുമാരി പറഞ്ഞു. 135 കോടി ജനം വസിക്കുന്ന ഭാരതത്തിന്റെ മുടിചൂടാ മന്നനായ മോദി രാജാവും കാവൽക്കാരനുമാണ്. കാവൽക്കാരൻ ഉറങ്ങുകയാണ് എന്ന് രാഹുൽ ഗാന്ധി പരിഹസിക്കുമ്പോഴും ഒന്ന് നാം ഓർമ്മിക്കണം. ഇത്രമാത്രം വെല്ലുവിളികളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ.? കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കുകയും അയോദ്ധ്യ ക്ഷേത്ര നിർമ്മാണ പ്രശ്നം പരിഹരിക്കുകയും ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കാൻ ശ്രമം തുടരുകയും ചെയ്ത് മോദിജി രണ്ടാം വരവ് ഉജ്ജലമാക്കിയിരിക്കുകയാണ്. കൊവിഡിന്റെ താണ്ഡവ നൃത്തത്തിൽ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ അടിപതറിയപ്പോൾ ലോക രാജ്യങ്ങൾക്ക് ഊർജ്ജ സ്രോതസായി ഇന്ത്യ പിടിച്ച് നിന്നു. ഇതിനിടയിൽ ഒരു വശത്ത് നിന്ന് ചൈനയും മറുവശത്ത് നിന്ന് പാക്കിസ്ഥാനും നടത്തുന്ന ഒളിപ്പോരും നേരിടണം. ഇതിനൊക്കെ പുറമെ രാജ്യത്തിനകത്ത് നിന്ന് ഉണ്ടാകുന്ന നിശിതമായ വിമർശനങ്ങളെയും കൈകാര്യം ചെയ്യണം. അതിൽ ഏറ്റവും പ്രധാനം ജനങ്ങളിലേക്ക് നേരിട്ട് പണം എത്തുന്നില്ല എന്നതാണ്. ബാങ്കിൽ അക്കൗണ്ട് എടുത്താൽ കഞ്ഞി കുടിക്കാൻ പറ്റുമോ? എന്ന് ചോദിച്ച പ്രതിപക്ഷത്തിനുള്ള ചുട്ട മറുപടിയാണ് ഇപ്പോൾ ജൻദ്ധൻ അക്കൗണ്ട് വഴി പ്രതിമാസം 500 രൂപ നേരിട്ട് കിട്ടുന്നത്. കിസാൻ സമ്മാൻ പദ്ധതി പ്രകാരം വർഷം 6000 രൂപയും നൽകുന്നുണ്ട്. ഗ്യാസ് എടുക്കുന്നതിനും അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നുണ്ട്. ബി.പി.എൽ കാർക്ക് സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. മുന്നൂറിലധികം കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പ്രകാരം ലക്ഷക്കണക്കിന് ആളുകൾക്ക് വിദ്യാഭ്യാസവും തൊഴിലും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന ചികിത്സാ പദ്ധതി രാജ്യം മുഴുവനും നടപ്പിലാക്കി. എന്നാൽ കേരള സർക്കാർ അതിനെ പുച്ഛിച്ച് തള്ളി. ഇത്രയധികം പ്രതിസന്ധികൾക്കിടയിലും ജനത്തിന് ആത്മ വിശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് സമസ്ത രാജ്യങ്ങളും താണുവീണ് തൊഴുന്ന ക്ഷേമ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയെടുക്കാം എന്നുള്ള അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തിനും നിശ്ചയ ദാർഢ്യത്തിനും ആയിരമായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നെന്നും ഗീതാകുമാരി പറഞ്ഞു. മോദി സർക്കാരിന്റെ രണ്ടാം ഘട്ടത്തിന്റെ ഒന്നാം വാർഷിത്തോടനുബന്ധിച്ചായിരുന്നു അഭിപ്രായപ്രകടനം.