തൊടുപുഴ: നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച സൂര്യോദയമാണ് മോദി ഭരണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ സംസ്ഥാന വനിത കമ്മിഷൻ അംഗവുമായ ഡോ. പ്രമീളദേവി പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിയോടെ ഏതൊരു രാഷ്ട്രീയ കക്ഷിയുടെ പ്രശസ്തി അവസാനിച്ചുവോ ആ കക്ഷി പിരിച്ച് വിടപ്പെടേണ്ടതാണെന്ന് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി നിർദ്ദേശിച്ചിരുന്നു. അതേ രാഷ്ട്രീയ കക്ഷിയാണ് അഞ്ചര പതിറ്റാണ്ടു കാലം ഭാരതത്തെ അടക്കി ഭരിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭരണാധികാരികളിൽ നിന്ന് അടിസ്ഥാനപരമായി ഒട്ടും ഭിന്നമായിരുന്നില്ല തുടർന്ന് അധികാരത്തിലേറിയ കോൺഗ്രസിന്റെ ഭരണ ശൈലി. രാഷ്ട്രത്തിന്റെ സ്വത്ത് കൊള്ളയടിച്ചും നമ്മുടെ വീര നായകന്മാരെ അപമാനിച്ചും രാജ്യ വിരുദ്ധ ശക്തികളെ ഉയർത്തിക്കാട്ടിയും അവർ പിറന്ന നാടിന്റെ സംസ്‌കാരത്തെ അപമാനിച്ചു. ഇരുളിന്റെ ആ ഗുഹാ മുഖത്തായിരുന്നു നരേന്ദ്രോദയം. നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച സൂര്യോദയം. കേവലം അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ആവിഷ്‌ക്കരിച്ച പുതിയ മാറ്റങ്ങൾ വിസ്മയാവഹമാണ്. കള്ള പണക്കാരുടെ കാൽക്കീഴിലമർന്നിരുന്ന നാടിന്റെ സമ്പദ് വ്യവസ്ഥക്ക് മോചനമേകാനായി. നോട്ട് നിരോധനവും അഴിമതിയുടെ ജീർണ്ണതയെ ആട്ടിപ്പായിക്കാനായി രാജ്യമാസകലം ഒറ്റ നികുതി വ്യവസ്ഥയും കൊണ്ടു വന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഒരു മറപ്പുര പോലും ഇല്ലാതിരുന്ന ജന കോടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളിലൂടെ സ്വകാര്യതയും മാന്യതയും ഉറപ്പാക്കി. കരിയും പുകയും ശ്വസിച്ച് ദുരിതത്തിലാണ്ടുപോയ സ്ത്രീ ജീവിതങ്ങൾക്ക് സൗജന്യ വാതകമെന്ന ആഢംബരം പക‌ർന്ന് നൽകി. സുകന്യ സമൃദ്ധി യോജനയിലൂടെ പെൺകുട്ടികൾക്ക് ജീവിത ഭദ്രത ഉറപ്പ് നൽകി. ഭാരതത്തിന്റെ നട്ടെല്ലായി വർത്തിക്കുന്ന കർഷകർക്ക് ഏതൊരു വറുതികാലത്തും പിൻബലമേകാൻ കിസാൻ സമ്മാൻ നടപ്പിലാക്കി. വനിതകൾക്ക് ചരിത്രത്തിലാദ്യമായി തങ്ങൾ മനുഷ്യരാണെന്ന പരിഗണന നൽകിക്കൊണ്ട് മുത്തലാക്ക് നിരോധിച്ചു. ഏറെ കാലമായി ഭാരതത്തിന്റെ സൈനിക ശക്തി അവഗണനയുടെ നിഴലിലായിരുന്നെങ്കിൽ സൈന്യത്തിന്റെ ആത്മശക്തി ഉണർത്തുന്ന പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. അഭിനന്ദൻ വർദ്ധമാന് നൽകിയ അംഗീകാരം നാടിന്റെ സേനാ വിഭാഗങ്ങൾക്ക് പുതിയ അത്മവീര്യമായിത്തീർന്നു. എന്നെന്നും ഭാരതത്തിന്റെ ചോര ഇറ്റുന്ന മുറിവായിരുന്ന ഭാരത സർക്കാരിന്റെ അധികാരങ്ങൾക്ക് കാശ്മീരിൽ വിലക്കേർപ്പെടുത്തിയ വിവേക ശൂന്യത തിരുത്തിക്കുറിക്കപ്പെട്ട് ആർട്ടിക്കിൾ 370 അസാധുവാക്കപ്പെട്ടു. ഇതോടെ കാശ്മീരിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുമാരുടെ ജീവിതത്തിൽ പുതിയൊരു പ്രഭാതമുണർന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരതം ഒന്നാണെന്നുള്ള മഹാസന്ദേശം സംശയാതീതമായി ഘോഷിക്കപ്പെട്ടു. ഇപ്പോൾ ശ്രീ നരേന്ദ്രമോദി നേതൃത്വം നൽകുന്ന രണ്ടാം എൻ.ഡി.എ സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഒരു പുതുയുഗമാണ് ചിറകുവിരിച്ച് പറന്നുയരുന്നത്. നിസ്വാർത്ഥമായ ജനസേവനത്തിന്റെ യുഗം. മറ്റെന്തിനും ഉപരിയായി രാഷ്ട്ര താത്പര്യത്തിന് വിലകൽപ്പിക്കുന്ന സംഘാടനത്തിന്റെ വിജയയുഗം. അതിരുറ്റ കരുത്തിന്റെ ആത്മബോധനത്തിന്റെ പ്രകാശ യുഗം. ഭാരതം ലോകത്തെ നയിക്കാൻ പോന്ന മഹത്വത്തിന്റെ സ്രോതസായി തെളിയുന്ന സുവർണ്ണ യുഗം. ലോകരാഷ്ട്രങ്ങൾ മുഴുവൻ പേടിച്ചരണ്ട കൊവിഡ്- 19 എന്ന മഹാമാരിയെപ്പോലും സ്വന്തം ഇശ്ചാശക്തിയാൽ പ്രതിരോധിക്കുകയും തളരുന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അത്മ നിർദ്ധർ ഭാരത് അഭിയാൻ എന്ന പദ്ധതിയിലൂടെ വിസ്മയം സൃഷ്ടിക്കാൻ സജ്ജമാകുകയും ചെയ്യുന്ന ശ്രീ നരേന്ദ്രമോദി സർക്കാരിന്റെ അജയ്യതയുടെ യുഗമാണെന്ന് പ്രമീളദേവി പറഞ്ഞു.