തൊടുപുഴ: കൊവിഡിന്റെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും ലോക്ക്ഡൗൺ കഴിഞ്ഞമട്ടിലാണ് ജനത്തിന്റെ പെരുമാറ്റം. നഗരങ്ങളിൽ പതിവിലും കൂടുതൽ തിരക്കായി. സാമൂഹ്യഅകലം പാലിക്കാതെയാണ് ജനങ്ങളുടെ ഇടപഴകുന്നത്. തുടക്കകാലത്ത് മിക്കയിടങ്ങളിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് വഴിപാടായി മാറി. പലരും കൈകഴുകാനോ സാനിറ്റൈസർ ഉപയോഗിക്കാനോ മിനക്കെടുന്നില്ല. പലയിടങ്ങളിലും അതിനുള്ള സൗകര്യവുമില്ല. നിരവധിപ്പേർ ഉപയോഗിക്കുന്ന എ.ടിഎം കൗണ്ടറുകളിൽ പോലും ഇത്തരം മുൻകരുതലുകളൊന്നുമില്ല. പൊതുഗതാഗതം ആരംഭിച്ചതോടെ നിരത്തുകളിൽ തിരക്കേറി. ബസുകളിലും ആട്ടോറിക്ഷകളിലുമൊന്നും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. മാസ്ക് ശരിയായി വയ്ക്കാനും പലർക്കും മടിയാണ്. കൃത്യമായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.