തൊടുപുഴ: പ്രവാസികളെയും അന്യസംസ്ഥാന തൊഴിലാളികളെയും സർക്കാർ വഞ്ചിച്ചെന്ന് ഡീൻ കുര്യാക്കോസ് എം.പി. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചിലവ് ഇരു സംസ്ഥാനങ്ങളും ചേർന്ന് നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലാപാട് മനുഷ്യത്വ രഹിതവും കോടതിയോടുള്ള വെല്ലുവിളിയുമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ റോഷി അഗസ്റ്റ്യൻ എം.എൽ.എ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ കേരളീയരെ തിരിച്ചെത്തിക്കാനുള്ള യാത്രാ സൗകര്യം ഏർപ്പെടുത്താത്ത സർക്കാർ നിലപാട് ഇരട്ടത്താപ്പാണ്. പ്രവാസി മലയാളികളോടുള്ള കേരളത്തിന്റെ കടപ്പാട് നിസീമമാണെന്നും അവരെ മോഹിപ്പിച്ചു വഞ്ചിച്ച സംസ്ഥാന സർക്കാരിന് മാപ്പില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു സ്വാഗതം ആശംസിച്ചു.