bar
കട്ടപ്പന നഗരത്തിലെ ബാറിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്‌

കട്ടപ്പന: കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി മദ്യം വാങ്ങാൻ നഗരത്തിലെ ബാറുകൾ വൻ തിരക്ക്. സാമൂഹിക അകലമെല്ലാം പറച്ചിലിൽ മാത്രമായി ഒതുങ്ങിയപ്പോൾ പൊലീസുകാരെ കാഴ്ചക്കാരാക്കി ആളുകൾ തിക്കിത്തിരക്കി. തിരക്ക് നിയന്ത്രണാതീതമായപ്പോൾ പൊലീസ് ഇടപെട്ടെങ്കിലും നിശ്ചിത അകലമൊന്നും പാലിക്കാതെ ആളുകളുടെ നിര പുറത്തേയ്ക്ക് നീണ്ടു. ക്യൂ ആർ കോഡ് സ്‌കാനിംഗിനൊന്നും വിധേയമാക്കാതെ മൊബൈൽ ഫോണിൽ ബുക്ക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ചവർക്കെല്ലാം മദ്യം നൽകി. പല ബാറുകളിലും ബുക്കിംഗിന്റെ സമയം പോലും നോക്കാതെ മദ്യക്കുപ്പികൾ വിതരണം ചെയ്തു. ബുക്കിംഗിൽ ലഭിച്ച സമയത്തിനു മണിക്കൂറുകൾ മുമ്പേ ബാറിന്റെ പരിസരത്തെത്തി ഊഴം കാത്തുനിൽക്കുന്നവരും ഏറെയായിരുന്നു. ബാറിനു പുറത്തെ നീണ്ടനിര കണ്ട് കണ്ണുതള്ളി തിരികെ പോയവരുമുണ്ടായിരുന്നു. ബുക്കിംഗ് ലഭിച്ചയാൾക്കൊപ്പം 'മാനസിക പിന്തുണ'യുമായി എത്തിയവരും തമ്പടിച്ചതോടെ ബാറുകളുടെ പരിസരം ജനനിബിഡമായി. മദ്യം ലഭിച്ചവർ കുപ്പികൾ ഉയർത്തിക്കാട്ടി നിരയിൽ കാത്തുനിന്നവരെ 'അഭിവാദ്യം' ചെയ്താണ് മടങ്ങിയത്.

ആപ്പിലെ താളപ്പിഴകൾ

ബെവ്ക്യു ആപ്പിലെ താളപ്പിഴകൾക്ക് ഇന്നലെയും നിരവധി പേർ 'ഇര'യായി. ബുക്ക് ചെയ്ത നിരവധി പേരെ 'സാമൂഹിക അകലം' എന്താണെന്നു ആപ്പും 'പഠിപ്പിച്ചു.' 30 കിലോമീറ്റർ വരെ അകലെയുള്ള മദ്യശാലകളിലാണ് പലർക്കും ബുക്കിംഗ് ലഭിച്ചത്. അതേസമയം കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ ഇന്നലെ തിരക്ക് അനുഭവപ്പെട്ടു. കട്ടപ്പന ബീവറേജസ് മദ്യശാലയിൽ ഇന്നലെ ലഭിച്ച വരുമാനം 17 ലക്ഷത്തിനുമുകളിലാണ്. ഉച്ചയ്ക്ക് ശേഷമാണ് ഔട്ട്‌ലെറ്റുകളിൽ തിരക്ക് വർദ്ധിച്ചത്.