തൊടുപുഴ: രണ്ടു മാസത്തിലേറെയായി ഉത്തർപ്രദേശിൽ കുടുങ്ങിക്കിടന്ന പത്ത് അദ്ധ്യാപകരെ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇടുക്കി സ്വദേശികളായ 10 അദ്ധ്യാപകർ ചേർന്ന് ഉത്തർപ്രദേശിൽ നവജീവൻ മിഷൻ എന്ന പേരിൽ ഒരു വിദ്യാലയം നടത്തുകയായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അവർക്ക് അവിടെ തുടരാനാവാത്ത സാഹചര്യമുണ്ടായി. നാട്ടിൽ എത്താൻ നിരവധി സംഘടനകളെ സമീപിച്ചെങ്കിലും തിരികെയെത്താനായില്ല. തുടർന്ന് അവർ ഡീൻ കുര്യാക്കോസ് എം.പിയെ ബന്ധപ്പെടുകയും എം.പി അവർക്ക് നാട്ടിൽ എത്തുന്നതിനുള്ള വാഹനസൗകര്യം ഉൾപ്പെടെ ക്രമീകരിച്ചു നൽകുകയും ചെയ്തു. വാഹനം കുമളി ചെക് പോസ്റ്റിൽ എത്തിയപ്പോൾ അവർക്കുള്ള ഭക്ഷണക്രമീകരണമുൾപ്പെടെ എം.പി ഏർപ്പെടുത്തി. തിരികെ നാട്ടിലെത്തിയതിലുള്ള അതിയായ സന്തോഷത്തിൽ അദ്ധ്യാപകസംഘം ഡീൻ കുര്യാക്കോസിന് നന്ദി അറിയിച്ചു കൊണ്ടാണ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മടങ്ങിയത്.