വണ്ടിപ്പെരിയാർ: പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നടന്ന സി.പി.എം ഗുണ്ടാ വിളയാട്ടം പാർട്ടിയുടെ അധികാരത്തിന്റെ മറവിൽ മാർക്‌സിസ്റ്റുകൾ എന്തും ചെയ്യുമെന്നതിന് തെളിവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. ജില്ലയിൽ ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അന്നൊക്കെ പൊലീസുകാർ നോക്കുകുത്തികളായിരുന്നു. നിയമവിരുദ്ധമായി ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ സഞ്ചരിച്ച ബൈക്ക് പൊലീസ് പിടിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതിനാണ് പൊലീസിനോട് ഈ പരാക്രമം സി.പി.എം നേതാക്കൾ കാണിച്ചത്. വൺ ടൂ ത്രീ പറഞ്ഞ് മൂന്നുപേരെ കൊലപ്പെടുത്തിയ കഥ അലറി വിളിച്ചു പ്രസംഗിച്ച നേതാവിന്റെ അണികളിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ ഇല്ല. പൊലീസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ജനങ്ങൾക്ക് എങ്ങനെ നീതി ലഭിക്കും. ഇത്രയൊക്കെ ആയിട്ടും നേതാക്കൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തുകയും വിട്ടയയ്ക്കുകയും ചെയ്തത് തികച്ചും പ്രതിഷേധാർഹമാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.