ഇടുക്കി: കാർഷിക വിപണന രംഗം കേന്ദ്രികൃതമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി എം.എം. മണി. സംസ്ഥാന സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി ബ്ലോക്ക്തല പരിപാടിയുടെയും ചക്ക സംസ്‌കരണ യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭിക്ഷ പദ്ധതി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം ആണെന്നും ജില്ലയുടെ കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ധ്യക്ഷത വഹിച്ച റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ഏറ്റവും കൂടുതൽ ചക്ക ഉത്പാദിപ്പിക്കുന്ന ജില്ലാ ഇടുക്കി ആണെന്നും ചക്ക സംസ്‌കരണ യൂണിറ്റ് ജില്ലയിൽ വൻ വിജയമായിരിക്കുമെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം നൽകിയ പാറത്തോട് ആന്റണിയെയും ഇന്ന് ജോലിയിൽ നിന്ന് വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസർ കെകെ ഷീലയെയും യോഗത്തിൽ എംപി ആദരിച്ചു. 14 ലക്ഷം രൂപയാണ് യൂണിറ്റിന് വേണ്ടി ഇടുക്കി ബ്ലോക്ക് നൽകിയത്. 23 പേരടങ്ങുന്ന ആളുകളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. താന്നിക്കണ്ടം വനിതാ തൊഴിൽ പരിശീലന കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. സംസ്‌കരണ യൂണിറ്റിന്റെ പരിസരത്തു മന്ത്രിയുടെ നേതൃത്വത്തിൽ പ്ലാവിന്റെ തൈ നടലും വിവിധ ചക്ക ഉത്പന്നങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടാരുന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജേശ്വരി രാജൻ, സെലിൻ വി.എം, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ. ഷീല, കെ.എസ്.ആർ.ടി.സി ഡയറക്ടറേറ്റ് ബോർഡ് അംഗം സി.വി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.