കട്ടപ്പന: പുറ്റടി സ്‌പൈസസ് പാർക്കിൽ ഇന്നലെ ഏലക്കാ ഇലേലം മുടങ്ങി. ബോഡിനായ്ക്കന്നൂർ കാർഡമം ഗ്രോവേഴ്‌സ് ഫോർഎവർ ഏജൻസിയുടെ ലേലമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് ഏജൻസി പ്രതിനിധികൾക്കും ജീവനക്കാർക്കും സ്‌പൈസസ് പാർക്കിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ ലേലം ഉപേക്ഷിക്കുകയായിരുന്നു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തിയ ഏലക്ക ഇലേലം വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്. അന്നും തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾക്ക് പങ്കെടുത്തിരുന്നില്ല. തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിൽ ലേലം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജൂൺ 15 വരെ പുറ്റടി സ്‌പൈസസ് പാർക്കിൽ മാത്രമായി ലേലം തുടരും. നാളെ രാവിലെ 10.30മുതൽ വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലം നടക്കും.