തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് ജില്ലയിൽ ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. മൂന്നാറിൽ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കുവൈറ്റിൽ നിന്ന് കഴിഞ്ഞ 22ന് കരിപ്പൂരിൽ വന്നിറങ്ങിയ ചിന്നക്കനാൽ സ്വദേശിയായ 28 കാരനുമാണ് രോഗം ബാധിച്ചത്.
മാർച്ച് ഒമ്പതിന് മൂന്നാർ സ്വദേശിയും ഭാര്യയും ചികിത്സാർത്ഥം ചെന്നൈയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖവും ത്വഗ് രോഗവുമുണ്ട്. ഭാര്യയ്ക്ക് പ്രമേഹവും. മാർച്ച് 20ന് ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി. പിന്നീട് ലോക്ക് ഡൗൺ ഇളവു വന്നതോടെ ഇരുവരും അവിടെ താമസിച്ചിരുന്ന മകനോടൊപ്പം മേയ് 16ന് പാസുപയോഗിച്ച് കുമളി വഴി മൂന്നാറിൽ വന്നു. ചെന്നൈയിൽ നിന്ന് ഒരു വാഹനത്തിൽ കുമളി വരെയും കുമളിയിൽ നിന്ന് ടാക്‌സി ജീപ്പിൽ മൂന്നാറിലുമെത്തി. തുടർന്ന് ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നിർദ്ദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മേയ് 28ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്നലെ രോഗം സ്ഥിരീകരിച്ച ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും പ്രൈമറി, സെക്കൻഡറി സമ്പർക്കത്തിന്റെ വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. രോഗം സ്ഥിരീകരിച്ച നാലാമനായ ചിന്നക്കനാൽ സ്വദേശി ഹോട്ടൽ ജീവനക്കാരനാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ എട്ടായി. ഇതുവരെ 30 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്.
പാൽ കൊടുത്തിരുന്നയാളും ടാക്സി ഡ്രൈവറും നിരീക്ഷണത്തിൽ
മൂന്നാറിൽ രോഗം സ്ഥിരീകരിച്ച മൂന്നംഗ കുടുംബം വീട്ടിൽ നിരീക്ഷണത്തിലിരിക്കെ സ്ഥിരമായി വീട്ടിൽ പാലുകൊണ്ടുവന്നിരുന്ന രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ മൂന്നാറിലെത്തിച്ച ടാക്സി ഡ്രൈവറെയും നിരീക്ഷണത്തിലാക്കി. മൂന്നാറിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്. കോളനിയിലെ മറ്റ് കുടുംബങ്ങൾക്കും ഇവർ തന്നെയാണ് പാൽ നൽകുന്നതെന്നാണ് ആശങ്കയ്ക്കിടയാക്കുന്നത്. നിരീക്ഷണത്തിലുള്ള വീട്ടിൽ പാൽ നൽകുന്ന വിവരം കുടുംബം അറിഞ്ഞിരുന്നില്ല. മൂന്നാർ മാർക്കറ്റിൽ ബേക്കറി നടത്തിയിരുന്ന കുടുംബം മാർച്ചിൽ ചെന്നൈയിലേക്ക് പോയത് മുതൽ കട അടച്ചിട്ടിരിക്കുകയായിരുന്നു.