കട്ടപ്പന: വണ്ടൻമേട് മാലിയിൽ കുഴഞ്ഞു വീണ് മരിച്ച യുവാവുമായി അടുത്ത സമ്പർക്കം പുലർത്തിയ അഞ്ചു പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇന്നും അഞ്ചുപേരുടെ സ്രവം എടുക്കും. യുവാവിനു കോവിഡ് ലക്ഷണങ്ങളുണ്ടെന്ന സംശയത്തെത്തുടർന്ന് വണ്ടൻമേട് പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. മാലി പൂർണമായും അടച്ചിടും. അതേസമയം നാട്ടുകാരുടെ നിസഹകരണം ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയാകുകയാണ്. പലരും വിവരങ്ങൾ മറച്ചുവയ്ക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ ബാധയാണ് മരണകാരണം. ആരോഗ്യവാനായ യുവാവിന്റെ ന്യുമോണിയ ബാധിച്ചുള്ള പെട്ടെന്നുള്ള മരണമാണ് ആരോഗ്യ പ്രവർത്തകരെ മുൻകരുതൽ സ്വീകരിക്കാൻ നിർബന്ധിതരാക്കിയത്.