മറയൂർ: മഹാരാഷ്ട്രയിലെ സോളാപ്പൂരിൽ ജോലി ചെയ്തിരുന്ന കാന്തല്ലൂർ സ്വദേശികൾ 60 ദിവസത്തെ യാതനകൾക്കൊടുവിൽ ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖരിന്റെ സഹായത്താൽ സ്വന്തം നാട്ടിൽ എത്തി. മഹാരാഷ്ട്രയിലെ ഒസാമബാദിലെ കമ്പനിയിലാണ് കാന്തല്ലൂർ, കോവിൽക്കടവ്, മറയൂർ എന്നിവടങ്ങളിലുള്ള ഒമ്പത് പേർ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്തിരുന്നത്. മറയൂർ സ്വദേശി വിനീഷ്, കോവിൽക്കടവ് സ്വദേശികളായ ആഷിഖ്, ഷാരൂക്ക്, നസീർ, കാന്തല്ലൂർ സ്വദേശികളായ രാജേഷ് കണ്ണൻ, ഹരിഹരൻ, പ്രശാന്ത്, ഗണപതി, വിഘനേഷ്, രതി എന്നിവരാണ് ഉണ്ടായത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് അടുത്ത ദിവസം കമ്പനി ജീവനക്കാർക്ക് മൂന്ന് മാസം അവധി നൽകി വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉൾപ്പെടെ 200 പേരാണ് ഉണ്ടായിരുന്നത്. ഇവർ നാട്ടിലേക്ക് മടങ്ങുന്നതിനായി ലോറികളും ട്രക്കുകളും വന്നു മടങ്ങുന്ന ഷോളാപ്പൂരിലേക്ക് നടന്നു വരുകയായിരുന്നു. ഈ സമയം ലോക്ക് ഡൗൺ നിയങ്ങൾ ലംഘിച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്ത് ഷോളാപ്പൂരിലുള്ള ന്യൂജൻ മറാത്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തിച്ചു. രണ്ടു ദിവസവും മുറികൾ ആവശ്യത്തിന് തുറന്ന് നൽകാതിരിക്കുകയും എല്ലാവർക്കും ഭക്ഷണവും നൽകാതിരുന്നതോടെ തമിഴ്‌നാട് സ്വദേശികൾ പ്രതിഷേധിച്ചു. തുടർന്ന് നിരപരാധികൾ ഉൾപ്പെടെ എല്ലാവർക്കും നേരെ ക്രൂരമായ ലത്തിചാർജാണ് പൊലീസ് നടത്തിയത്. പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തെ തുടർന്ന് പലരും വിവിധ സ്ഥലങ്ങളിലേക്ക് മാറി. ഇവരുടെ വിവരം അറിഞ്ഞ കോയമ്പത്തൂർ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മഹാരാജ് മഹാരാഷ്ട്ര ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രതീശേഖറിനെ വിവരം അറിയിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുമായി സംസാരിച്ച് ആവശ്യത്തിന് മുറികൾ തുറന്ന് കൊടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തനായ അനിൽ വാസൻ എല്ലാ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണവും വൈദ്യ പരിശോധനയും ഉറപ്പ് വരുത്തി. മുംബെയ് കേരളീയം സംഘടനയുടെ പ്രസിഡന്റും വ്യവസായിയുമായ ഇടുക്കി സ്വദേശി ഹരിഹരനുമായി പ്രീതി ബന്ധപ്പെട്ട് ഇവർക്ക് കേരളത്തിലേക്ക് വരാൻ ബസ് സൗകര്യം ഒരുക്കി. എസ്. രാജേന്ദ്രൻ എം.എൽ.എ, സി.പി.എം മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ എന്നിവർ ഇടപെട്ട് പാസ് ഒപ്പിച്ചു. തുടർന്ന് തിങ്കളാഴ്ച മുംബെയിൽ നിന്ന് പുറപ്പെട്ട ബസ് കഴിഞ്ഞ ദിവസം രാവിലെ മൂന്നാറിലെത്തി.