കട്ടപ്പന: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ലോട്ടറി തൊഴിലാളികൾക്ക് ശനിക്കൂട്ടം കർഷക കൂട്ടായ്മയുടെ കൈത്താങ്ങ്. കൂട്ടായ്മ കൃഷിചെയ്തു വിളവെടുത്ത 1000 കിലോഗ്രാം കപ്പ തൊഴിലാളികൾക്ക് വിതരണം ചെയ്തു. കട്ടപ്പന വലിയകണ്ടം പാടത്താണ് കൂട്ടായ്മ ജൈവരീതിയിൽ കപ്പക്കൃഷി ചെയ്യുന്നത്. ലോക്ക് ഡൗണിൽ വിലാംഗരും സ്ത്രീകളുമടങ്ങുന്ന ലോട്ടറി തൊഴിലാളികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കപ്പ വിളവെടുത്ത് സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഒരുകുടുംബത്തിനു അഞ്ചുകിലോഗ്രാം കപ്പ വീതം വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. ശനിക്കൂട്ടം പ്രവർത്തകരായ സി.പി. റോയി, ബി. വിനോദ്, ലോട്ടറി യൂണിയൻ സംസ്ഥാന നേതാവ് രമണൻ പടന്നയിൽ, ബേബി അഴിക്കൽ എന്നിവർ പങ്കെടുത്തു.