തൊടുപുഴ: ആൾ കേരളാ ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ ഡ്രൈവിംഗ് സ്കൂളുകളോടുള്ള അവഗണനയ്ക്കെതിരെ തൊടുപുഴ ഇൻകംടാക്സ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുക,​ ഡ്രൈവിംഗ് സ്കൂളിന് സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജോമോൻ,​ സെക്രട്ടറി ജോളി അലക്സ്,​ ഉഷ എന്നിവർ സംസാരിച്ചു.