jishnu

മൂലമറ്റം: കാഞ്ഞാർ കൈപ്പ കവലയ്ക്ക് സമീപം മലങ്കര ജലാശയത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. അറക്കുളം കാവുംപടി പാമ്പൂരിക്കൽ പരേതനായ ജിജിയുടെ മകൻ ജിഷ്ണു (16) വാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ജിഷ്ണുവിന്റെ കുടുബം ഇപ്പോൾ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. സഹോദരനുമൊത്ത് ജലാശയത്തിൽ നീന്തുന്നതിനിടെയാണ് അപകടം.മൂലമറ്റം അഗ്നി രക്ഷാസേനയും, കാഞ്ഞാർ പൊലീസും, തൊടുപുഴയിൽ നിന്നും സ്കൂബാ ടീമും സ്ഥലത്തെത്തി.ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് സ്കൂബാ ടീം മൃതദേഹം കണ്ടെത്തിയത്. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജിഷ്ണു.പിതാവ് ജിജി കഴിഞ്ഞ ഒക്ടോബറിൽ വാഗമണ്ണിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചിരുന്നു. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഷീന, സഹോദരൻ ജിത്തു.