ഇടുക്കി : കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ജില്ലയിലെത്തി. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. മസ്‌ക്കറ്റിൽ നിന്ന് രണ്ട് ഗർഭിണികളുൾപ്പെടെ അഞ്ച് വനിതകളും ആറ് പുരുഷൻമാരുമടക്കം 11 പേരാണെത്തിയത്. ഇതിൽ നാല് പേർ 10 വയസിൽ താഴെയുള്ള കുട്ടികളും ഒരാൾ അറുപത് വയസുള്ള സ്ത്രീയുമാണ്. ഇവരിൽ ഒമ്പത് പേർ സ്വന്തം വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ തൊടുപുഴ അൽഅസർ കോളേജിലെ കൊവിഡ് കെയർ സെന്ററിലാക്കി. സൗദി അറേബ്യയിൽ നിന്ന് രണ്ട് പേർ നാട്ടിലെത്തി. ഇവരിൽ ഒരാളെ തൊടുപുഴ സ്വകാര്യ ടൂറിസ്റ്റ് ഹോമിലും അടുത്തയാളെ അൽഅസർ കോളേജിലെ കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് രണ്ട് വനിതകളും രണ്ട് പുരുഷൻമാരുമുൾപ്പെടെ നാല് പേരാണ് മടങ്ങിയെത്തിയത്. ഒരാൾ എറണാകുളത്ത് ഹോട്ടലിൽ പെയ്ഡ് ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കി മൂന്ന് പേരെ ഹോം ക്വാറന്റൈനിലാക്കി. അബുദാബിയിൽ നിന്ന് ഒരു വനിതയാണെത്തിയത്. ഇവരെ തൊടുപുഴ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ദോഹയിൽ നിന്ന് നാല് വനിതകളും രണ്ട് പുരുഷൻമാരുമെത്തി. ഇവരിൽ നാല് പേർ അവരവരുടെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. രണ്ട് പേരെ മുട്ടം റൈഫിൾ ക്ലബ്ബിലെ കൊവിഡ് കെയർ സെന്ററിലാക്കി. ജിദ്ദയിൽ നിന്ന് മൂന്ന് വനിതകളാണെത്തിയത്. ഇവരെ ടൂറിസ്റ്റ് ഹോമിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.