കട്ടപ്പന: സ്‌പൈസസ് ബോർഡ് ഇ-ലേലം തുടർച്ചയായി മുടങ്ങുന്നതോടെ ഏലത്തിന്റെ വില കുത്തനെ താഴോട്ട്. ഇതോടെ കൊവിഡ് ദുരിതത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങിയ കർഷകരുടെ ദുരിതവും വർദ്ധിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന വണ്ടൻമേട് ഗ്രീൻഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലവും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ 28ന് ലേലം പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച തമിഴ്‌നാട് ഏജൻസി പ്രതിനിധികളും ജീവനക്കാരും എത്താതിരുന്നതോടെ ലേലം മുടങ്ങിയിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ മറവിൽ ലേലം മുടക്കി ഏലക്ക വില ഇടിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിനുപിന്നിലെന്നു ആക്ഷേപമുയരുന്നു. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഉയർന്ന വില 2410 രൂപയും ശരാശരി വില 1769.93 രൂപയുമാണ് രേഖപ്പെടുത്തിയത്. ലോക്ക് ഡൗണിനുമുമ്പ് കഴിഞ്ഞ മാർച്ച് 19ന് നടന്ന അവസാനലേലത്തിൽ ഉയർന്ന വില 3198 രൂപയും ശരാശരി വില 2359.62 രൂപയുമായിരുന്നു. ലോക്ക് ഡൗണിൽ ഉത്പ്പന്നം വിറ്റഴിക്കാനാകാത്ത കർഷകർ, ഇ-ലേലം പുനരാരംഭിക്കുമ്പോൾ വില ഉയരുമെന്ന പ്രതീക്ഷയാണ് ഇതുവരെയുണ്ടായിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ ലേലത്തിൽ പങ്കെടുത്തെങ്കിൽ മാത്രമേ വിലയിൽ മുന്നേറ്റമുണ്ടാകൂവെന്നാണ് വിലയിരുത്തൽ.
തുടർച്ചയായി ലേലം മുടങ്ങിയാൽ ഏലയ്ക്കവില വീണ്ടും കുറയും. ലോക്ക് ഡൗൺ മൂലം വിറ്റഴിക്കാനാകാതെ കർഷകർ സംഭരിച്ചിട്ടുള്ള ഏലക്ക കുറഞ്ഞവിലയ്ക്ക് കൈക്കലാക്കാൻ ചില വ്യാപാര ലോബിയും ശ്രമം നടത്തുന്നതായി ആക്ഷേപമുണ്ട്. പുതിയ ഏലക്കാ സീസൺ ആരംഭിക്കുന്നതോടെ നിലവിൽ കർഷകരുടെ കൈവശമുള്ള ഉൽപന്നം കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകും. കൂടാതെ കർഷകരുടെ കൈവശം സ്‌റ്റോക്ക് വർദ്ധിക്കുമ്പോൾ, പിന്നീട് നടക്കുന്ന ലേലത്തിൽ കൂടുതൽ അളവിൽ ഉത്പ്പന്നം വിൽപനയ്ക്ക് എത്തും. അപ്പോൾ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഉത്പ്പന്നം കൈക്കലാക്കാനും വ്യാപാര ലോബി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായാണ് ജീവനക്കാർ എത്താത്തതിന്റെ പേരിൽ ലേലം മുടക്കുന്നതെന്നും കർഷകർ പറയുന്നു.
സ്‌പൈസസ് ബോർഡിന്റെ അനുമതിയെത്തുടർന്ന് 28ന് ലേലം പുനരാരംഭിച്ചെങ്കിലും തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ ആരും പങ്കെടുത്തില്ല. തദ്ദേശീയരായ 32 പേരെ പങ്കെടുപ്പിച്ച് ലേലം നടത്തിയെങ്കിലും ഇവരിൽ കുറച്ചുപേർ മാത്രമാണ് ഏലക്കാ വാങ്ങിയത്. 16,219 കിലോഗ്രാം ഏലക്ക മാത്രമേ ലേലത്തിൽ പതിഞ്ഞുള്ളു. വിലയും കുത്തനെ ഇടിഞ്ഞു. ജൂൺ അവസാനത്തോടെ പുതിയ ഏലക്കാ സീസൺ ആരംഭിക്കും.


കർഷകർക്ക് തിരിച്ചടി

കഴിഞ്ഞദിവസം ഇ-ലേലത്തിൽ ഏലക്കാവില ഇടിഞ്ഞതോടെ ആഭ്യന്തര വിപണികളിലും വില കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. ഇളവുകളെ തുടർന്ന് മേയ് ആദ്യ ആഴ്ചമുതൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നപ്പോൾ ഭേദപ്പെട്ട വില കർഷകർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ സീസണിൽ വിളവെടുത്ത കായയ്ക്ക് 2100 രൂപ വരെ വില ലഭിച്ചിരുന്നു. അടച്ചിടൽ കാലത്ത് 1000 രൂപയിലേക്ക് കൂപ്പുകുത്തിയ ഏലക്കാവില ഉയർന്നത് കർഷകർക്ക് ആശ്വാസകരമായിരുന്നു. എന്നാൽ ലേലം പുനരാരംഭിച്ചപ്പോൾ ശരാശരി വില 1769 രൂപയിലേക്കു ഇടിഞ്ഞു. ഇതോടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിലും ലേലം വിലയ്ക്ക് അനുസൃതമായി മാത്രമേ ഉൽപന്നം വാങ്ങുകയുള്ളൂ.


തൊഴിലാളികൾ എത്തണം

പുതിയ ഏലക്കാ സീസൺ ആരംഭിക്കാനിരിക്കെ തൊഴിലാളികളില്ലാത്തത് കർഷകരെ വലയ്ക്കുന്നു. ജില്ലയിലെ ഭൂരിഭാഗം തോട്ടങ്ങളിലും തമിഴ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കവാത്ത്, വളമിടീൽ, കീടനാശിനി തളിക്കൽ തുടങ്ങിയവ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞെങ്കിലും തൊഴിലാളികളുടെ അഭാവം ജോലികൾ വൈകിപ്പിക്കുകയാണ്. പരിശോധനകൾക്ക് വിധേയരാക്കി ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലെങ്കിലും തൊഴിലാളികളെ ജില്ലയിലെത്തിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.