തൊടുപുഴ: അവസാന നിമിഷം ട്രയിൻ റദ്ദാക്കി. കേരളത്തിൽ നിന്നും ഒഡീഷയിലേയ്ക്ക് മടങ്ങാനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ റോഡിൽ മണിക്കൂറുകളോളം. കുരുങ്ങി.ജില്ലയിലെ വിവിധ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഡീഷയിലേയ്ക്ക് പോകാൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഇരുന്നൂറോളം പേരാണ് തൊഴുപുഴ മിനി സിവിൽസ്‌റ്റേഷനിലെത്തിയത്. രാത്രി പതിനൊന്നിന് എറണാകുളത്ത് നിന്നുമാണ് ഇവർ ട്രയിൻ സൗകര്യമൊരുക്കിയത്. രാവിലെ 10 മുതൽ മിനി സിവിൽ സ്‌റ്റേഷനിൽ ഇവർ നാട്ടിലേയ്ക്ക് മടങ്ങാനെത്തിത്തുടങ്ങി. പലരും ജോലി ഉപേക്ഷിച്ചും വാടകയ്‌ക്കെടുത്ത മുറികൾ ഒഴിഞ്ഞുമാണ് ട്രയിൻ യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടത്. കൂടാതെ ട്രയിനുണ്ടെന്നിഞ്ഞ് മറ്റ് ജില്ലകളിൽ നിന്നും തൊടുപുഴയിലെത്തിയവരും നിരവധിയായിരുന്നു. എന്നാൽ വൈകിട്ട് നാലോടെ ട്രയിൻ റദ്ദാക്കിയെന്ന് വിവരം തിരുവന്തപുരത്ത് നിന്നും ലഭിച്ചതായി കളക്ടർ റവന്യു അധികൃതരെ അറിയിച്ചു. ഇതോടെ മണിക്കൂറുകളോളം കാത്ത് നിന്ന അന്യസംസ്ഥാന തൊഴിലാളികൾ തൊടുപുഴ മിനി സിവിൽ സ്‌റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു. തൊഴിലാളികൾ കൂട്ടം കൂടിയതോടെ പൊലീസും റവന്യു ഉദ്യോഗസ്ഥരും ഇവരുമായി ചർച്ച നടത്തി. അടുത്ത ദിവസം തന്നെ ട്രയിൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. അതാത് സ്ഥലങ്ങളിലേയ്ക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ടെങ്കിലും പലരുടെ കൈയ്യിലും പണമുണ്ടായിരുന്നില്ല. തൊഴിലാളികളുടെ നിസഹായവസ്ഥ കണക്കിലെടുത്ത് പൊലീസും റവന്യൂ അധികൃതരും ചേർന്ന് ഇവർക്ക് വാഹന സൗകര്യമൊരുക്കി മടക്കി അയക്കുകയായിരുന്നു.