rosamma

കട്ടപ്പന: മൂന്നുപതിറ്റാണ്ടിന്റെ അദ്ധ്യാപകവൃത്തിക്കുശേഷം വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപിക റോസമ്മ ഞള്ളാനി എന്ന ഞള്ളാനി ടീച്ചർ വിരമിച്ചു. കലാകായിക സാഹിത്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായി നിൽക്കുമ്പോഴും കുട്ടികൾക്കായി നിരവധി പദ്ധതികൾ തയാറാക്കിയിരുന്നു. 3:1 എന്ന ജൈവ കീടനാശിനിയും ജൈവ വളങ്ങളും കണ്ടെത്തിയ കുട്ടികളുടെ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചത് ടീച്ചറായിരുന്നു. കരുണാപുരം പഞ്ചായത്തിലെ മഴക്കുറവിനെക്കുറിച്ചുള്ള പഠനറിപ്പോർട്ടും ഏകെ ശ്രദ്ധയാകർഷിച്ചു. പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ മുന്നിലെത്തിക്കാനും സേവനകാലളവിൽ സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആവർത്തിക്കാനും ഞള്ളാനി ടീച്ചറുടെ നേതൃത്തിൽ നടന്ന പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു. ജൈവകൃഷി പ്രോത്സാഹനവും കുരുമുളക് കൃഷിയുടെ തകർച്ചയും സംബന്ധിച്ച പഠന റിപ്പോർട്ട്കേന്ദ്ര സർക്കാരിനു സമർപ്പിക്കുകയും അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേശ് കുരുമുളക് പുനരുദ്ധാരണത്തിനായി തുക അനുവദിക്കുകയും ചെയ്തിരുന്നു. കാർഷിക ശാസ്ത്രജ്ഞനും പൊതുപ്രവർത്തകനുമായ റെജി ഞള്ളാനിയാണ് ഭർത്താവ്. ആരോമ റോസ് റെജി, അതുല്യ റോസ് റെജി എന്നിവരാണ് മക്കൾ.