കട്ടപ്പന: വിദ്യാലയങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനു മുന്നോടിയായി കൂട്ടാർ എസ്.എൻ എൽ.പി.സ്‌കൂളിന്റെ പ്രവേശനോത്സവവും ഇന്ന് ഓൺലൈനായി നടക്കും. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂളിന്റെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേഷണം നടക്കും. സ്‌കൂളിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും ദൃശ്യങ്ങൾ എത്തും. സ്‌കൂൾ മാനേജർ വി. മോഹനൻ, ബി.പി.ഒ. ജോസഫ് തോമസ്, ഹെഡ്മിസ്ട്രസ് അനില എസ്‌മോഹൻ എന്നിവർ ആശംസകൾ നേരും.
തുടർന്ന് ഈ വർഷം പ്രവേശനം നേടിയ കുട്ടികളുടെ പ്രൊഫൈൽ വീഡിയോ, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവയും പ്രദർശിപ്പിക്കും. എല്ലാ ക്ലാസിനും പ്രത്യേകം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ തയാറാക്കിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പാഠ്യഭാഗങ്ങൾ കുട്ടികളിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അദ്ധ്യാപകർ.