കണ്ണൂർ: ജപ്പാൻ വയലറ്റ് നെൽകൃഷിയിലൂടെ വരിനെല്ലിനെ പാടത്ത് നിന്ന് പടിയിറക്കി നെൽ ഉൽപാദനത്തിൽ പുതുവിപ്ളവത്തിന്റെ ഹരിത മാതൃക സൃഷ്ടിക്കാൻ കരിവെള്ളൂർ പെരളം പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. വരിനെല്ലിന് കീഴടങ്ങി വയൽ കൈവിട്ടു പോയവർ പാടങ്ങളിലേക്ക് തിരിച്ചു വരുമ്പോൾ കൊവിഡ് കാലത്തും ഈ വിപ്ളവഭൂമി പുതിയ സ്വപ്നങ്ങൾ കാണുകയാണ്.

രൂക്ഷമായ വരിനെല്ല് ശല്യത്തെ തുടർന്ന് അയത്രവയൽ, മതിരക്കോട് പാടശേഖരങ്ങളിൽ ഒന്നാം വിള നെൽകൃഷി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങളായി പാടം തരിശിടുകയായിരുന്നു. പഴയ തലമുറയിൽപ്പെട്ട കർഷക തൊഴിലാളികൾക്ക് വരിനെല്ല് എളുപ്പത്തിൽ കണ്ടെത്തി പിഴുതെറിയാൻ കഴിഞ്ഞിരുന്നു. പുതുതലമുറക്ക് ഇത് കണ്ടെത്താനുള്ള കഴിവില്ല. വരിനെല്ലിനെ എങ്ങിനെയെങ്കിലും വയലുകടത്തുകയെന്ന ആലോചന വിവിധതലങ്ങളിൽ നടന്നു. അതിനൊടുവിലാണ് വരിനെല്ല് വിമുക്ത ഗ്രാമം പദ്ധതി വിരിഞ്ഞത്.

മതിരക്കോട് വയൽ പാടശേഖരത്തിലെ രണ്ട് ഏക്കർ വയലിലാണ് വരിനെല്ലിനെ കണ്ടെത്താൻ പരീക്ഷണാടിസ്ഥാനത്തിൽ ജപ്പാൻ വയലറ്റ് നെൽകൃഷി തുടങ്ങിയത്. ഇതിനായി കൃഷി ശാസ്ത്രജ്ഞ വെള്ളൂരിലെ ഡോ. ടി വനജയുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കരുതൽ ശേഖരത്തിൽ നിന്ന് 50 കിലോ ജപ്പാൻ വയലറ്റ് നെൽവിത്ത് സംഘടിപ്പിച്ചു. ആദ്യ പരീക്ഷണം വൻ വിജയമായി. വയലറ്റ് നിറമുള്ള നെൽചെടികൾക്കിടയിൽ നിന്ന് തഴച്ച് വളരുന്ന വരിനെല്ലിനെ എളുപ്പത്തിൽ പിഴുതെടുക്കാൻ കഴിഞ്ഞു. ഇതിലൂടെ 750 കിലോ ജപ്പാൻ വയലറ്റ് നെൽവിത്ത് ഉൽപാദിപ്പിക്കാൻ കഴിഞ്ഞു.

ജപ്പാൻ വയലറ്റ് രണ്ടാംഘട്ടത്തിലേക്ക്
രണ്ടാം ഘട്ടമായി മതിരക്കോട്അയത്രവയൽ പാടശേഖരത്തിൽ ഒന്നാം വിളയായി 25 ഏക്കറിലാണ് ജനകീയ കൂട്ടായ്മയിൽ ജപ്പാൻ വയലറ്റ് നെൽകൃഷി തുടങ്ങിയത്. ഇതിലൂടെ ഉൽപ്പാദിപ്പിച്ചത് 24,000 കിലോ നെല്ല്. ഇതോടെ കൃഷിയിറക്കിയ ഓരോ കൃഷിക്കാരനും 50 കിലോ വീതം നെൽവിത്ത് ശേഖരിച്ച് വരിനെല്ല് ശല്യം അനുഭവപ്പെടുന്ന മറ്റ് പാടശേഖരങ്ങൾക്ക് കൈമാറി.
ഇതിനു പുറമെ വിദ്യാർഥികളും ഈ രംഗത്ത് മാതൃകയായി. പരിസരത്തെ വിദ്യാർഥികൾ നടപ്പിലാക്കിയ നെൽകൃഷിയും മാതൃകയായി. പഞ്ചായത്തിലെ ഉപയോഗമില്ലാതെ കിടന്ന തോടുകളും കുളങ്ങളും ജലാശയങ്ങളും നവീകരിച്ച് ജലസേചന സൗകര്യമൊരുക്കാനും കഴിഞ്ഞു.
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി. സമ്പൂർണ ശുചിത്വഗ്രാമത്തിനുള്ള രാഷ്ട്രപതിയുടെ നിർമ്മൽ പുരസ്‌കാരം നേടിയ പഞ്ചായത്ത് രണ്ട് തവണ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

ഒന്നാംവിള( ജപ്പാൻ വയലറ്റ് നെല്ല് -25 ഏക്കറിൽ

ഉൽപ്പാദനം 24,000 കിലോ