കണ്ണൂർ : അന്യസംസ്ഥാന തൊഴിലാളികളിൽ അവസാനത്തെ വ്യക്തിയും സ്വന്തം നാട്ടിലേക്ക് പുറപ്പെടുമ്പോൾ മലബാറിന്റെ സ്വപ്നപദ്ധതികൾക്ക് കരിനിഴൽ വീഴുമെന്ന ആശങ്ക. മഴക്കാലമെത്തും മുമ്പ് പൂർത്തിയാക്കേണ്ട ചെറുതും വലുതുമായ നൂറോളം പദ്ധതികളാണ് പാതിവഴിയിലുള്ളത്.നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നത് പൂർണമായും അന്യസംസ്ഥാനക്കാരാണ്. ഇവരാകട്ടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തിരക്കിലാണ്.

.കേരളത്തിലെ മെച്ചപ്പെട്ട കൂലിയാണ് ഇവരെ ഇങ്ങോട്ട് ആകർഷിക്കുന്നത്.ശരാശരി 600 മുതൽ 1000 രൂപ വരെയാണ് ഇവരുടെ പ്രതിദിന വരുമാനം .ബംഗാൾ, ഒഡീഷ, ബീഹാർ, യു..പി ജാർഖണ്ഡ്, ഡൽഹി, ആസാം, രാജസ്ഥാൻ എന്നിവിടങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് പ്രധാനമായും തൊഴിലാളികളെത്തുന്നത്.

തലശേരി- മാഹി ബൈപ്പാസ്

അതിവേഗതയിൽ പ്രവൃത്തി പുരോഗമിക്കുന്ന കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ തലശ്ശേരി -മാഹി ബൈപാസ് ഈ വർഷാന്ത്യത്തോടെ പൂർത്തിയാകേണ്ടതാണ്. ഏതാണ്ട് എഴുപത് ശതമാനത്തോളം പണി പൂർത്തിയായി. മഴയ്ക്ക് മുമ്പ് മുക്കാൽ ഭാഗം പൂർത്തിയാക്കാൻ പദ്ധതിയിട്ടതായിരുന്നു.. അതിനിടെ കൊവിഡ് വന്നതും അപ്രതീക്ഷിത തിരിച്ചടിയായി. ആറ് മാസക്കാലം പ്രളയക്കെടുതികൾ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിർമ്മാണം പുരോഗമിച്ചത്.. ഇതിന്റെ നിർമ്മാണത്തിൽ മേൽനോട്ട ചുമതല ഒഴികെ മറ്റു ജോലികളെല്ലാം ചെയ്തിരുന്നത് അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി :

ഗെയിലിന്റെ കൊച്ചി – മംഗളുരു വാതക പൈപ്പ് ലൈൻ പദ്ധതി കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ കൊവിഡ് വന്നതോടെ പദ്ധതിയുടെ ഗ്യാസ് പോയി. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രധാന നഗരങ്ങളിൽ പാചകവാതകം പൈപ്പിലൂടെ വീടുകളിൽ എത്തുന്നതായിരുന്നു പദ്ധതി. കാസർകോട് ജില്ലയിൽ ചന്ദ്രഗിരി പുഴയിലൂടെയുള്ള പൈപ്പടലാണ് ശേഷിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്..

ദേശീയപാതാ വികസനം, മലബാറിലെ ഒരു ഡസനോളം പാലങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവയെല്ലാം അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് കഴിയുന്ന പ്രവൃത്തികളാണ്. ഇവയ്ക്ക് പുറമെ സാധാരണ പണി തുടങ്ങിവച്ച വീടുകൾ, മറ്റു കെട്ടിടങ്ങൾ , ചെങ്കല്ല് കൊത്തൽ, കരിങ്കൽക്വാറി എല്ലാം പാതിവഴിയിലാകും. പ്ളൈവുഡ്, മരം, സ്റ്റീൽ, വെൽഡിംഗ് തുടങ്ങിയ ചെറുകിട വ്യവസായങ്ങളിലും ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

അന്യസംസ്ഥാനതൊഴിലാളികൾക്ക് കേരളം നൽകുന്നത്

പ്രതിവർഷം 2500 കോടി

ബൈറ്റ്

അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്ര താത്കാലികം മാത്രമാണ്.. അവർ തിരിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷ-

പാലേരി രമേശൻ,ചെയർമാൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി