കാസർകോട് : അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്ന 18000 ത്തോളം ആൾക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തലപ്പാടിയിൽ 5 കോടി ചിലവിൽ സംവിധാനം ഒരുങ്ങുന്നു. 100 ഹെൽപ് ഡെസ്‌ക്കുകൾ അതിർത്തിയായ തലപ്പാടിയിൽ സജ്ജീകരിക്കും.
വാഹനങ്ങൾ, ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിന് ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 വീതം ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കും. ഇതിന്റെ ഭാഗമായി അതിർത്തിയിൽ ദേശീയ പാതയുടെ ഇരുവശത്തുമുളള കുഴികൾ നികത്തി നിരപ്പാക്കി സജീകരിക്കുന്നതിന് ആർ.ടി.ഒയെ ചുമതലപ്പെടുത്തി. അതിർത്തിയിൽ ഹെൽപ് ഡെസ്‌ക്കുകൾ ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തൽ, വൈദ്യുതി , മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് മഞ്ചേശ്വരം തഹസിൽദാർ പി ഡബ്ല്യുഡി, കെ. എസ് ഇ ബി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. സജ്ജീകരിച്ച 100 ഹെൽപ് ഡെസ്‌ക്കുകളിൽ അഞ്ച് വീതം ഡെസ്‌ക്കുകളുടെ ചുമതല ഒരു വില്ലേജ് ഓഫീസർ എന്ന നിലയിൽ ആകെ 20 വില്ലേജ് ഓഫീസർമാരെ നിയോഗിക്കും. വില്ലേജ് ഓഫീസർമാർക്കു പുറമെ ഓരോ 10 ഹെൽപ് ഡെസ്‌ക്കുകളുടേയും ചുമതല ഓരോ ജൂനിയർ സൂപ്രണ്ട്,ഡെപ്യൂട്ടി തഹസിൽദാർ എന്ന നിലയിൽ 10 റവന്യൂ ഉദ്യോഗസ്ഥൻമാരെയും നിയോഗിക്കും. ഭക്ഷണം തയ്യാറാക്കി നല്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഓരോ ഹെൽപ് ഡെസ്‌ക്കിലും ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വാഹനം പരിശോധിക്കുന്നതിനും, യാത്രക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും ആർ .ടി .ഒ അധികൃതരേയും, ജെ .എച്ച് .ഐമാരേയും ഒരു മെഡിക്കൽ ഓഫീസറേയും നിയോഗിക്കും. കൊവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാമ്പിൾ എടുക്കുന്നതിന് ആംബുലൻസിൽ അവരെ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ എത്തിക്കും.
100 തെർമൽ സ്കാനർ
സജ്ജീകരിച്ചിട്ടുളള ഹെൽപ് ഡെസ്‌ക്കുകളിൽ ഉപയോഗിക്കുന്നതിന് 100 തെർമ്മൽ സ്‌കാനർ ലഭ്യമാക്കും. കൂടാതെ ആവശ്യമായ മാസ്‌ക്, സാനിട്ടൈസർ, ഗ്ലൗസുകളും രണ്ട് 108 ആംബുലൻസുകളും ലഭ്യമാക്കും. അതിർത്തിയിൽ എത്തിച്ചേരുന്ന എല്ലാ വണ്ടികൾക്കും കൗണ്ടർ സ്ഥാപിച്ച് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും.
ബൈറ്റ്
ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവ് വഹിക്കുന്നതിന് എസ് ഡി ആർ എഫിൽ നിന്നും അഞ്ച് കോടി രൂപ അനുവദിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്- കാസർകോട് ജില്ലാ കളക്ടർ ഡി.സജിത് ബാബു