തൃക്കരിപ്പൂർ: ആരോഗ്യ വകുപ്പ് തൃക്കരിപ്പൂർ താലൂക്കാശുപത്രി വഴി ശേഖരിച്ച സ്രവ സാമ്പിളുകൾ മുഴുവനും നെഗറ്റീവ്. ഏപ്രിൽ അവസാന വാരം എടുത്തിരുന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ പൊതുപ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ 10 സാമ്പിളുകളാണ് കൊവിഡ് നെഗറ്റീവ് ആയിരിക്കുന്നത്.

കാസർകോട് ജില്ലയിൽ കൊവിഡ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂരിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എന്നുറപ്പ് വരുത്താൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജന്റെ നേതൃത്വത്തിലുള്ള സംഘം തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തി സാമ്പിൾ ശേഖരിക്കുകയാരുന്നു. തലശ്ശേരി മലബാർ കാൻസർ സെന്ററിലാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.