കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാഡമി കണ്ണൂർ -കാസർകോട് ജില്ലകളിലെ 16 പണിക്കന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ മറുത്തുകളി നവ്യാനുഭവമായി. രണ്ടു ദിവസം മുഴുവൻ നീണ്ട സംവാദവും പൂരക്കളിയും വൻ കളികളും പൂരക്കാലത്തിന്റെ ഓർമയുണർത്തി.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പൂരക്കളി കലാ അക്കാഡമി സംസ്ഥാന പ്രസിഡന്റ് ടി.ഐ മധുസൂദനൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, സി. കൃഷ്ണൻ, എം. രാജഗോപാലൻ, ടി.വി രാജേഷ്, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, പൂരക്കളി അക്കാഡമി സെക്രട്ടറി കെ.വി മോഹനൻ, ഫോക്‌ലോർ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവൻ, മയിച്ച പി. ഗോവിന്ദൻ, ടി. ചോയ്യമ്പു, വർക്കിംഗ് ചെയർമാൻ എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അക്കാഡമി ചെയർമാൻ സി.എച്ച് സുരേന്ദ്രൻ മറുത്തുകളി നിയന്ത്രിച്ചു. മലബാർ ദേവസ്വം ബോർഡ് മേഖലാ ചെയർമാൻ ഡോ. സി.കെ നാരായണൻ പണിക്കർ അവതാരകനായി. അക്കാഡമി ജനറൽ സെക്രട്ടറി വി. ഗോപാലകൃഷ്ണൻ പണിക്കർ സ്വാഗതവും സെക്രട്ടറി കുഞ്ഞിക്കണ്ണൻ കയ്യൂർ നന്ദിയും പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിനാളുകൾ പരിപാടി ആസ്വദിച്ചു. പി. ദാമോദരൻ പണിക്കർ, എം.വി തമ്പാൻ പണിക്കർ, കാടങ്കോട് എം. കുഞ്ഞികൃഷ്ണൻ പണിക്കർ തുടങ്ങിയവർ മറുത്തുകളിയിൽ പങ്കെടുത്തു. രാഘവൻ മുഴക്കോത്ത്, കൃഷ്ണൻ പള്ളിക്കര, സൗജത്ത് തുരുത്തി, അനൂപ് ചാമുണ്ഡിക്കുന്ന് എന്നിവർ പൂരക്കളിപ്പാട്ട് അവതരിപ്പിച്ചു. എം. ശ്രീധരൻ, വസന്തൻ കാട്ടുകുളങ്ങര, സന്തോഷ് പാലായി, കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവരായിരുന്നു സംഘാടകർ.