തൃക്കരിപ്പൂർ: ജന്മനാട്ടിലേക്ക് വന്ന് പുറത്തിറങ്ങാൻ കഴിയാതെ കുരുങ്ങിയ ശിൽപി ഇടയിലക്കാട്ടെ പി.പി. രാമചന്ദ്രൻ ലോക്ക് ഡൗണിലെ ഒരു മാസം കൊണ്ട് തീർത്തത് ആറടി ഉയരമുള്ള മനോഹര ശില്പം. വർഷങ്ങൾക്ക് മുമ്പ് കർണാടകത്തിലെ ബേലൂർ കേശവ വിജയനാരായണ ക്ഷേത്ര സന്ദർശനത്തിനിടെ മനസ്സിൽ പതിഞ്ഞ ദർപ്പണസുന്ദരിയെയാണ് രാമചന്ദ്രൻ സിമന്റിൽ മെനഞ്ഞെടുത്തത്.
നൃത്തമുഹൂർത്തങ്ങളും നർത്തകികളും സംഗീതജ്ഞരും രാമായണ, മഹാഭാരത സന്ദർഭങ്ങളുമായി ഇഴചേർന്നു നിൽക്കുന്നതാണ് രാമചന്ദ്രൻ നിർമിച്ച ദർപ്പണസുന്ദരി.
ശില്പകലയിൽ പരിയാരം മെഡിക്കൽ കോളേജിലെ ചീഫ് ആർട്ടിസ്റ്റും കേരള ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവംഗവുമായ ശില്പി എം.വി. രവീന്ദ്രൻ തൃക്കരിപ്പൂരാണ് രാമചന്ദ്രന്റെ ഗുരു. ഇപ്പോൾ രവീന്ദ്രനൊപ്പം ബേക്കൽ ബീച്ചിൽ ശില്പ നിർമ്മാണം നടത്തിവരികയാണ്. ക്ഷേത്രങ്ങളിലേക്കും വൻകിട ഹോട്ടലുകളിലേക്കും വീടുകളിലേക്കും ഇതിനകം തന്നെ നൂറുകണക്കിന് ശില്പങ്ങൾ ചെയ്തു കഴിഞ്ഞു. പയ്യാമ്പലം ബീച്ചിൽ കേരളത്തിലെ മൺമറഞ്ഞ ഏഴ് മുഖ്യമന്ത്രിമാരുടെ മണൽശില്പങ്ങൾ ഒരുക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ആലപ്പുഴ, കോഴിക്കോട് കടപ്പുറം എന്നിവിടങ്ങളിലും കൂറ്റൻ മണൽശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ ഗുരുവായ രവീന്ദ്രനൊപ്പം ശില്പങ്ങൾ തീർത്തിട്ടുണ്ട്.പ്രശസ്ത ശില്പികളായ ചിത്രൻ കുഞ്ഞിമംഗലം, സുകേഷ് നാരായൺ പട്ടുവം എന്നിവർക്കൊപ്പവും ശില്പ നിർമാണത്തിൽ രാമചന്ദ്രൻ പങ്കാളിയായിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിമംഗലത്താണ് താമസം. സ്വദേശമായ ഇടയിലെക്കാട്ടിലേക്ക് വന്നപ്പോഴാണ് ലോക്ക് ഡൗൺ കടന്നുവന്നത്. അതോടെ വർഷങ്ങളായി മനസ്സിൽ കൊതിച്ചു നടന്ന ദർപ്പണസുന്ദരിയെന്ന ശില്പത്തിന് രൂപം കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.