ഇരിട്ടി (കണ്ണൂർ): ഇരിട്ടിക്കടുത്ത് കീഴൂരിൽ ഉണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി ചിതറി. കീഴൂർ കണ്ണ്യത്ത് മടപ്പുരക്കടുത്ത് പുളിയിൽ ഹേമന്തി (26)നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മടപ്പുരയ്ക്കു സമീപത്തെ വയലിലാണ് സ്‌ഫോടനം ഉണ്ടായത്. കൈവിരൽ അറ്റുപോയ ഹേമന്തിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പന്നിപ്പടക്കമാണ് പൊട്ടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നതെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

അശ്രദ്ധമായി സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മറ്റ് സ്‌ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഉഗ്രശേഷിയുള്ള നാടൻ ബോംബാണ് പൊട്ടിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്.

ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.