കണ്ണൂർ: കൊവിഡ് 19 വ്യാപന സാദ്ധ്യത തടയുന്നതിന്റെ ഭാഗമായി, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർക്കായി ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന കൊവിഡ് അവലോകന യോഗം അന്തിമ രൂപം നൽകി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തികളിലെത്തുന്നവരെ കാലിക്കടവ്, നെടുംപൊയിൽ, മാഹി എന്നീ മൂന്ന് വഴികളിലൂടെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ജില്ലയിലേക്കുള്ള മറ്റു വഴികളെല്ലാം അടയ്ക്കുകയും അതുവഴി ആരും അകത്ത് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പുറത്തു നിന്നെത്തുന്ന മുഴുവൻ പേരെയും വീടുകളിലോ കൊവിഡ് കെയർ സെന്ററുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ പാർപ്പിക്കും.
രോഗികൾ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവരുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പ്രയാസമുള്ളവരെ കൊവിഡ് കെയർ സെന്ററുകളിൽ പാർപ്പിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കൊപ്പം അവരുടെ വീടുകളിലുള്ളവരും നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിയണം.
യോഗത്തിൽ മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എസ്.പി യതീഷ് ചന്ദ്ര, അഡീഷനൽ എസ്.പി പ്രജീഷ് തോട്ടത്തിൽ, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, എ.ഡി.എം ഇ.പി മേഴ്‌സി തുടങ്ങിയവർ പങ്കെടുത്തു.
ട്രാക്ക് ചെയ്യാൻ മൊബൈൽ ആപ്പ്
നിരീക്ഷണത്തിൽ കഴിയുന്നുവെന്നും നിയന്ത്രണം ലംഘിക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറായിക്കഴിഞ്ഞു. വരുന്നവരുടെ വിവരങ്ങൾ അതിർത്തിയിൽ വച്ചു തന്നെ ശേഖരിക്കും.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ വിവരം എസ്.എംഎ.സ് അലർട്ട് ആയി നൽകാമുള്ള സംവിധാനത്തോടു കൂടിയതാണ് മൊബൈൽ ആപ്പ്. ജില്ലാ അതിർത്തികളിലെത്തുന്നവരെ കൊണ്ടുവരുന്നതിനായി പോകുന്ന വാഹനങ്ങൾക്ക് പ്രത്യേകം പാസ് അനുവദിക്കും. ഡ്രൈവർ മാത്രമേ വാഹനത്തിൽ പാടുള്ളൂ.
അന്യസംസ്ഥാന തൊഴിലാളികളെ യാത്രയാക്കും
നാട്ടിലേക്ക് തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് നോൺ സ്റ്റോപ്പ് ട്രെയിനുകൾ എത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട റെയിൽവേ സ്റ്റേഷനിലേക്ക് അവരെ കൊണ്ടുപോവാൻ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. ഓരോ പ്രദേശങ്ങളിലും പോവേണ്ട തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കും. ഇതുപ്രകാരം കെ.എസ്.ആർ.ടി.സി ബസുകൾ എത്തുന്ന സമയവും സ്ഥലവും എസ്.എം.എസായി അറിയിക്കും.