ചെറുവത്തൂർ: ലോക്ക് ഡൗണിനെ തുടർന്ന് കയറ്റിയിട്ട എല്ലാവിധ മത്സ്യ ബന്ധന ബോട്ടുകളും വള്ളങ്ങളും 4 മുതൽ കടലിലിറങ്ങാമെന്ന കേന്ദ്ര തീരുമാനത്തോടെ മാസത്തിലധികമായി നിർജീവമായിക്കിടന്ന മടക്കര തുറമുഖം തുറക്കും. ട്രോളിംഗ് നിരോധനത്തിന് കഷ്ടിച്ച് ഒരു മാസത്തിലേറെ ദിവസങ്ങളെ ബാക്കിയുള്ളൂവെങ്കിലും സർക്കാർ തീരുമാനം തീരദേശ മേഖലയിലാകെ ആശ്വാസം പകരുകയാണ്.
ജില്ലയുടെ തെക്കെ അറ്റത്തുള്ള മടക്കര കാവുംചിറ മത്സ്യ ബന്ധന തുറമുഖം 5 മുതൽ തുറന്നു പ്രവർത്തിക്കും. ഇതിനായി ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് കളക്ടറുടെ അനുമതി തേടി. പരമ്പരാഗത വള്ളങ്ങളും 32അടി ബോട്ടുകളുമാണ് ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നത്. ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും കടലിലെ മത്സ്യ ബന്ധനം.അതോടൊപ്പം തുറമുഖത്ത് മത്സ്യം കൊണ്ടുവന്നുള്ള വിൽപ്പനയും അധികൃതരുടെ കർശനമായ നിരീക്ഷണത്തോടെയായിരിക്കും. ഇത് നിയന്ത്രിക്കാൻ ഹാർബർ മാനേജ്മെൻറ് കമ്മിററി, പൊലീസ് , ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ രംഗത്തുണ്ടാകും.
മത്സ്യക്കച്ചവടക്കാർക്ക് മാത്രമായിരിക്കും തുറമുഖത്ത് പ്രവേശനം. ജില്ലയിൽ 163 യന്ത്രവൽകൃത ബോട്ടുകളും, 2,000ത്തിൽ പരം യന്ത്രവൽകൃത വള്ളങ്ങളുമാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും മടക്കര മത്സ്യ ബന്ധന തുറമുഖം കേന്ദ്രമാക്കി ജോലി ചെയ്യുന്നവരാണ്. . മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം ആയിരങ്ങളാണ് ഈ രംഗത്ത് തൊഴിലെടുത്ത് കുടുംബം പോറ്റുന്നത്.